സൈബർ ആക്രമണങ്ങളിൽ 500 ശതമാനത്തിലധികം വർധന, സൈബർ ഇൻഷുറൻസ് വിപുലമാക്കും

0
44

മുംബൈ: ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ തുടങ്ങിയവയിലെ വിവരങ്ങൾ ചോർത്തിയോ മറ്റോ പണം നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭ്യമാക്കാൻ മാതൃകാ ചട്ടക്കൂടൊരുങ്ങി. സൈബർ ആക്രമണങ്ങളും ഓൺലൈൻ തട്ടിപ്പുകളും കൂടിവരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ (ഐ.ആർ.ഡി.എ.ഐ.) ഈ നീക്കം.

ഏതെല്ലാംതരം പരിരക്ഷകളാകാം, ഏതെല്ലാം സാഹചര്യങ്ങളിൽ ക്ലെയിമുകൾ നിഷേധിക്കാം എന്നിങ്ങനെ വിശദമായ മാതൃകാ ചട്ടക്കൂടാണ് അതോറിറ്റി തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ചുവടുപിടിച്ച് സൈബർ പോളിസികൾക്ക് കൂടുതൽ വ്യാപ്തി നൽകാൻ കമ്പനികൾക്കാവും. സൈബർരംഗത്ത് വാണിജ്യ-വ്യവസായ മേഖലകളെ കേന്ദ്രീകരിച്ചുള്ള പോളിസികളാണ് കൂടുതലും. ചില കമ്പനികൾ വ്യക്തിഗത പോളിസികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇതിന്റെ വ്യാപ്തി കുറവാണ്. 2020 മാർച്ചിനുശേഷം രാജ്യത്ത് സൈബർ ആക്രമണങ്ങളിൽ 500 ശതമാനത്തിലധികം വർധനയുണ്ടായെന്നാണു കണക്ക്. കാർഡ് ക്ലോണിങ്, സിം ജാക്കിങ്, സ്കിമ്മിങ് പോലുള്ള തട്ടിപ്പുകൾ നിലവിൽ ഇൻഷുറൻസ് പരിധിയിലില്ല. ഇവയെ ഉൾപ്പെടുത്തണം. 5000 രൂപവരെ വരുന്ന ക്ലെയിമുകൾ എഫ്.ഐ.ആർ. ഇല്ലാതെ നൽകാം. അതിനുമുകളിലുള്ളവയ്ക്ക് എഫ്.ഐ.ആർ. നിർബന്ധം.

വിദേശത്തുനിന്നുള്ള സൈബർ ആക്രമണങ്ങൾ സാധാരണമാണ്. അതുകൊണ്ട് അവയും പരിരക്ഷയുടെ ഭാഗമാക്കാൻ വ്യവസ്ഥയുണ്ടാകണം. സൈബർ ആക്രമണങ്ങളിൽ കംപ്യൂട്ടർ ഹാർഡ്വേറുകളെയും നഷ്ടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം തുടങ്ങിയവയും മാർഗനിർദേശങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എന്തിനൊക്കെ പരിരക്ഷയാകാം

▪️ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ തുടങ്ങിയവയിലെ വിവരങ്ങൾ ദുരുപയോഗംചെയ്ത് പണംതട്ടൽ, ഓൺലൈനിൽനിന്ന് മറ്റൊരാൾ ഉത്പന്നങ്ങൾ വാങ്ങുന്ന സാഹചര്യങ്ങളിലെ നഷ്ടം
▪️വ്യക്തിവിവരചോരണം വഴിയുണ്ടാകുന്ന നഷ്ടം, ഇതിനെ പ്രതിരോധിക്കാനുള്ള നിയമനടപടികളുടെ ചെലവ്
▪️സാമൂഹികമാധ്യമ അക്കൗണ്ടുകൾ മറ്റൊരാൾ ദുരുപയോഗംചെയ്താലുള്ള നിയമനടപടിക്കുവരുന്ന ചെലവ്
▪️ഓൺലൈൻവഴി ഭീഷണിപ്പെടുത്തി പണംതട്ടൽ, ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾക്കുള്ള ചെലവ്
▪️മാൽവേർ( കംപ്യൂട്ടർ പ്രവർത്തനം താറുമാറാക്കുന്ന സോഫ്റ്റ് വേർ) ആക്രമണങ്ങളിൽ വിവര പുനഃസ്ഥാപനത്തിനുള്ള ചെലവ്
▪️ഇന്റർനെറ്റ് വഴി വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പിലെ പണനഷ്ടം, നിയമനടപടികൾക്കുള്ള ചെലവ്
▪️ഇ-മെയിൽവഴി നുഴഞ്ഞുകയറിയുള്ള തട്ടിപ്പുകളിലെ നഷ്ടം