മണല്‍വാരല്‍ സൊസൈറ്റിയിൽ 43 ലക്ഷത്തിന്റെ ക്രമക്കേട് ലീഗ് നേതാക്കൾക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ

0
60

മണല്‍വാരലില്‍ 43 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തിൽ കണ്ണൂര്‍ കമ്പിൽ എന്‍ആര്‍ഐ റിലീഫ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. മുസ്ലിംലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും സൊസൈറ്റി ഡയറക്ടറുമായ അബ്ദുള്‍ കരിം ചേലേരി ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കേസെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിജിലന്‍സ് നടത്തിയ പ്രഥമിക പരിശോധനയിലാണ് ക്രമക്കേട് സ്ഥിരീകരിച്ചത്.

സൊസൈറ്റി ഡയറക്ടറും സംഘവും 2013 ഏപ്രില്‍ ഒന്നുമുതല്‍ 2015 മാര്‍ച്ച്‌ 31 വരെയുളള കാലത്ത് മണലെടുപ്പിലൂടെ 42,91,164 രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമിക നിഗമനം. മണല്‍ വാരുന്ന കടവിന്റെ യഥാര്‍ത്ഥ ഉടമകളുമായി കരാറുണ്ടാക്കാതെ ഇടനിലക്കാരുമായി വാടകക്കരാറുണ്ടാക്കി നഷ്ടം വരുത്തി, തൊഴിലാളികള്‍ക്ക് കൂലി കൊടുത്തതിനും വഞ്ചി വാടക നല്‍കിയതിനും കള്ളരേഖയുണ്ടാക്കി എന്നിവയും കണ്ടെത്തി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം.