ഗുജറാത്തിൽ മഴ കനത്തതോടെ ഏഴായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. രാജ്കോട്, ജാംനഗര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴ. പല പ്രദേശങ്ങളും വെള്ളത്തിലായതോടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയ ഇരുനൂറ് പേരെ രക്ഷപ്പെടുത്തി. ജാം നഗറിലെ ദേശീയപാതയും രാജ് കോട്, ജാം നഗര്‍, ജുനഗദ് ജില്ലകളിലൂടെ കടന്ന് പോകുന്ന 18 സംസ്ഥാന പാതകളും അടച്ച നിലയിലാണ്.
വെള്ളപ്പൊക്കം റോഡ് ഗതാഗതത്തെ സാരമായി ബാധിച്ച നിലയിലാണ്. പല ഗ്രാമങ്ങളും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഫൊഫല്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ജാം കണ്ടോര്‍ന, ഗോണ്ടല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള റോഡുകള്‍ അടച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയും നേവിയും തീര സുരക്ഷ ഗാര്‍ഡുകളും രംഗത്തുണ്ട്.