കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഇ -മെയില്‍ വഴി ഭീഷണി സന്ദേശം. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് കപ്പല്‍ശാലയില്‍ സ്‌ഫോടനം നടത്തുമെന്നാണ് മെയില്‍. തുടര്‍ന്ന് കപ്പല്‍ശാല അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മൂന്ന് ആഴ്‌ചകള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ് കപ്പല്‍ശാലയെ ലക്ഷ്യമാക്കി ഭീഷണി സന്ദേശം ലഭിക്കുന്നത്. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ആഴ്ചയും സമാന ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് ബോംബിട്ട് നശിപ്പിക്കുമെന്നായിരുന്നു നേരത്തെ വന്ന ഭീഷണി. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും സന്ദേശം എത്തിയത്.
നേരത്തെ വന്ന ഭീഷണി സന്ദേശത്തില്‍ കപ്പല്‍ശാല ഉദ്യോഗസ്ഥരുടെ പദവിയും പേരും പറഞ്ഞതിനെ തുടര്‍ന്ന് ചില ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും ഈ കേസിലും ആരെയും പിടികൂടാൻ ആയിട്ടില്ല. വ്യാജവിലാസത്തില്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ സ്വദേശിയെ ഏതാനും മാസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശം ലഭിക്കുന്നത്.