വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം – മുഖ്യമന്ത്രി

0
82

വയോജനങ്ങളുടെയും അവരിൽ രോഗബാധിതരായവരുടെയും കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമപദ്ധതി ആർദ്രം സംസ്ഥാന കർമ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരസഹായത്തോടെ മാത്രം കാര്യങ്ങൾ ചെയ്യാനാകുന്ന നിരവധി വയോജനങ്ങളുണ്ട്. നിലവിലുള്ള പാലിയേറ്റീവ് സംവിധാനത്തിനു പുറമേ ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേകശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തിൽ ഉണ്ടാവണം. സംസ്ഥാനവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാർ മാസത്തിൽ ഏതാനും ദിവസം അവശതയനുഭവിക്കുന്ന വയോജനങ്ങളെ കാണാനും വിവരം അന്വേഷിക്കാനും തയ്യാറാകണം.

അപൂർവ മാരകരോഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ന്യായമായ വിലക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കും.

ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ വാർഷിക ഹെൽത്ത് ചെക്കപ്പ് നടത്തണം. സ്വയം പരിശോധന നടത്താൻ മുന്നോട്ടു വരാത്ത ആൾക്കാരെ ക്യാമ്പയിൻ എന്ന നിലയിൽ കണ്ടെത്തി പരിശോധിപ്പിക്കണം. ഒഴിഞ്ഞു നിൽക്കാനുള്ള പ്രവണതയുള്ളവരെ കൂടി ഭാഗമാക്കി
കഴിയാവുന്നത്ര ജനങ്ങളെ പദ്ധതിയിൽ പങ്കാളികളാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി പങ്കെടുപ്പിച്ച് ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ ശക്തമായ ക്യാമ്പയിൻ അതത് പ്രദേശങ്ങളിൽ നടത്തണം. ലാബ് സൗകര്യം വർദ്ധിപ്പിക്കും. ടെലി മെഡിസിൻ വ്യാപകമാക്കും. ക്ഷയം, മലേറിയ, മന്ത്, തുടങ്ങിയ രോഗങ്ങൾ പൂർണമായും നിർമാർജനം ചെയ്യാനാകണം. ക്യാൻസർ വ്യാപനം തടയാനും മുൻകൂട്ടി കണ്ടെത്താനും ശക്തമായ നടപടികൾ ഉണ്ടാകണം. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതിയുടെ ഭാഗമായി നടപടി എടുക്കണം. പകർച്ചവ്യാധികൾ ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും ശാസ്ത്രസാങ്കേതിക കൗൺസിലും ഏകോപിത മായി ഗവേഷണ പ്രവർത്തനങ്ങൾ നടത്തണം. ഐസലേഷൻ ബ്ലോക്കുകൾ കാലതാമസമില്ലാതെ പ്രാവർത്തികമാക്കണം. വാക്സിൻ നിർമാണ കേന്ദ്രത്തിന് മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. മിഷൻ പ്രവർത്തനത്തിന് ആവശ്യമായ നോഡൽ ഓഫീസർമാരെ നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ടി. എൻ സീമ തുടങ്ങിയവർ സംസാരിച്ചു.