പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നവരിൽ റെക്കോഡ്‌ വർധന.

0
55

പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു പതിറ്റാണ്ടിനിടയിലെ റെക്കോഡ്‌ വർധന. ഇത്തവണ 28,492 കുട്ടികളാണ്‌ കഴിഞ്ഞവർഷത്തേക്കാൾ അധികമെത്തിയത്‌. 1990ൽ ജനസംഖ്യാനുപാതമായി സംസ്ഥാനത്ത്‌ കുട്ടികൾ കുറഞ്ഞശേഷം ഇതാദ്യമായാണ്‌ ഇത്രയും കുട്ടികൾ ഒന്നാം ക്ലാസിൽ എത്തുന്നത്‌.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം പ്രഖ്യാപിച്ച ശേഷം 2017–18 ൽ 12,798 വിദ്യാർഥികളാണ്‌ ഒന്നാം ക്ലാസിൽ അധികമായെത്തിയത്‌. 2019–20ൽ മുൻവർഷത്തേക്കാൾ 3422 കുട്ടികൾ കുറഞ്ഞു. 2020–21ൽ 8459 കുട്ടികൾ അധികമെത്തി. ഇതാണ്‌ 2021–22ൽ 28,492 ആയി ചരിത്രം കുറിച്ചത്‌. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ആകെ വിദ്യാർഥികൾ 2,76,932 ആയിരുന്നെങ്കിൽ ഇത്തവണ 3,05,414 ആയി. 2017–18 മുതൽ 2020–21 വരെ പൊതുവിദ്യാലയങ്ങളിൽ വിവിധ ക്ലാസുകളിൽ 6.80 ലക്ഷം വിദ്യാർഥികൾ അധികമെത്തിയിരുന്നു. ഈ അധ്യയന വർഷം 2,24,642 വിദ്യാർഥികൾ എത്തി.