പ്രമുഖ നടൻ റിസബാവ അന്തരിച്ചു

0
116

 

പ്രമുഖ ചലച്ചിത്ര നടനും ഡബിങ് ആര്‍ടിസ്റ്റുമായിരുന്ന റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് റിസബാവ മലയാള സിനിമയില്‍ ശ്രദ്ധേയനായത്. നാടകത്തിലൂടെയാണ് കലാരംഗത്ത് എത്തുന്നത്. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ അഭിനയിച്ചു. നൂറിലേറെ സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷന്‍ പാരമ്പരകളിലും സജീവമായിരുന്നു. ഡബിങ് ആര്‍ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കര്‍മയോഗി എന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍കിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.