Friday
19 December 2025
20.8 C
Kerala
HomeIndia100-ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 13500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നു

100-ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 13500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നു

100-ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 13500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നു. ആദ്യം 12000 പേര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, പട്ടയവിതരണത്തിലെ സാങ്കേതികത്വങ്ങള്‍ പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേര്‍ക്ക് പട്ടയം നല്‍കാൻ സാധിച്ചിരിക്കുന്നു. പട്ടയ വിതരണത്തിനായി കേരളത്തിലെ പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും നാളെ പട്ടയമേള നടക്കുകയാണ്.

പാർപ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എൽഡിഎഫിൻ്റെ നയം. സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയില്‍ വിതരണം ചെയ്തത്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് സര്‍വ്വകാല റെക്കോര്‍ഡായിരുന്നു.

ഈ സര്‍ക്കാരിന്‍റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക എന്നതാണ്. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഭൂരഹിതര്‍ക്ക് വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതി വിപുലീകരിക്കും. മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ കൃഷിഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. ആദിവാസികളുടെ ഭൂപ്രശ്ന പരിഹാരത്തിന് തരിശുഭൂമി, മിച്ച ഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും. ഇത്തരത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

യുണീക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ അധിക ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കാനും ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്താനും സഹായകരമാകും. മിച്ചഭൂമിയും അനധികൃതമായി കൈവശം വെച്ചിട്ടുള്ള ഭൂമിയും കണ്ടെത്തുന്നതിനുവേണ്ട നടപടിയെടുക്കും.

നിസ്വരും ഭൂരഹിതരുമായവര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേക ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. ഇതിനായി ഡിജിറ്റല്‍ സര്‍വ്വേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി രൂപ റീബില്‍ഡ് കേരളക്ക് നല്‍കിക്കഴിഞ്ഞു. നാല് വര്‍ഷം കൊണ്ട് സര്‍വ്വേ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി ഭൂരഹിതർക്ക് വിതരണം ചെയ്യാൻ യോഗ്യമായ കൂടുതൽ ഭൂമി സർക്കാരിലേയ്ക്ക് വന്നു ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments