യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ 2 പേർ കൂടി അറസ്‌റ്റിൽ

0
50

കോഴിക്കോട്: കൊല്ലം സ്വദേശിനിയായ യുവതിയെ മദ്യവും മയക്കുമരുന്നും നൽകി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ 2 പേർ കൂടി അറസ്‌റ്റിൽ . അത്തോളി സ്വദേശികളായ നിജാസ്‌ , ശുഹൈബ്‌ എന്നിവരാണ്‌ പിടിയിലായത്‌. കേസിൽ അത്തോളി കോളിയോട്ടുതാഴും കവലിയിൽ വീട്ടിൽ അജ്‌നാസ്‌, ഇടത്തിത്താഴം നെടുവിൽ വീട്ടിൽ ഫഹദ്‌ എന്നിവരെ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക്‌ വിളിച്ചുവരുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ്‌ കേസ്‌. ചേവായൂർ പൊലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കോഴിക്കോട് ചേവരമ്പലത്തെ ഫ്‌ളാറ്റിൽ വച്ചാണ് സംഭവം. യുവതിയെ കാറിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ എത്തിച്ചാണ്‌ പീഡനം. ബലമായി മദ്യവും ലഹരി വസ്‌തുക്കളും നൽകിയശേഷം നാലുപേരും ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും പറയുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്‌. കൊല്ലം സ്വദേശിനിയായ യുവതി ടിക്‌ടോക്‌ വഴിയാണ്‌ അജ്‌നാസിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ബലാത്സംഗത്തിടെ ബോധരഹിതയായ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. വൈദ്യപരിശോധനയിലാണ് യുവതി ക്രൂരപീഡനത്തിന് ഇരയായതായി തെളിഞ്ഞത്.