വിദ്യാകിരണം പദ്ധതിക്ക് വ്യവസായ പ്രമുഖരുടെയും പ്രവാസി സമൂഹത്തിന്റെയും പിന്തുണ

0
61

 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം സാധ്യമാക്കാൻ ആവിഷ്കരിച്ച വിദ്യാകിരണം പദ്ധതിക്ക് പിന്തുണയുമായി വ്യവസായപ്രമുഖരും പ്രമുഖ പ്രവാസി വ്യവസായികളും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് സഹായവാഗ്ദാനം.

വിദ്യാ കിരണം പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ സംബന്ധിച്ചും സഹായം ആവശ്യമുള്ള വിദ്യാർഥികളെ കുറിച്ചുമുള്ള വിവര ശേഖരണം പൂർത്തിയായി. സംവാദാത്മക പഠനം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കിയാൽ മാത്രമേ ഇത് പൂർണ്ണതയിലെത്തിക്കാനാവൂ. അതിനാൽ കാലതാമസമില്ലാതെ പദ്ധതി പൂർത്തിയാക്കണം. ഓരോ ആളുകൾക്കും അവരുടെ രീതിയിൽ പങ്കു വഹിക്കാനാകും. എത്ര ചെറുതായാലും പങ്കുവഹിക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഇതിൽ പങ്കാളികളാക്കാമെന്ന് മലയാളി സംഘടനകൾ അറിയിച്ചു.

വിദ്യാകിരണം പോര്‍ട്ടല്‍ (www.vidyakiranam.kerala.gov.in) വഴിയാണ് വ്യക്തികളും സന്നദ്ധ സംഘടനകളും സംരംഭങ്ങളുമെല്ലാം സംഭാവനകള്‍ നല്‍കേണ്ടത്. ഒരു നിശ്ചിത തുകയായി നല്‍കാനോ ഏതെങ്കിലും സ്കൂളുകള്‍ തിരിച്ചോ തദ്ദശസ്വയംഭരണ സ്ഥാപനം തിരിച്ചോ സംഭാവന നല്‍കാനും പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ പങ്കെടുത്തവർ വ്യക്തിഗതമായും സംഘടനാപരമായും സംഭാവനകൾ വാഗ്ദാനം നൽകി. കൂടുതൽ വ്യക്തികളും സംഘടനകളും സഹായം നൽകാൻ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംബന്ധിച്ചു