കോയിക്കൽ കൊട്ടാരം തിങ്കളാഴ്ച തുറന്നുകൊടുക്കും

0
61

 

നെടുമങ്ങാട്: ഒന്നര വർഷത്തോളമായി അടഞ്ഞുകിടക്കുന്ന കോയിക്കൽ കൊട്ടാരം തിങ്കളാഴ്ച മുതൽ തുറക്കും. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും സന്ദർശകർക്ക് പ്രവേശനം നൽകുക. രാവിലെ 10-മുതൽ വൈകീട്ട് 4.30-വരെയാണ് പ്രവേശന സമയം. തുറന്നാൽ തിങ്കളാഴ്ചകൾ തോറും അവധിയായിരിക്കും.

കൊട്ടാരത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനായി പുരാവസ്തു, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞദിവസം കൊട്ടാരം സന്ദർശിച്ചു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മ്യൂസിയം തുറന്നുപ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ വിലയിരുത്തി.

തെക്കൻ കേരളത്തിലെ ഗ്രാമീണ മേഖലയിലെ ഏറ്റവും വലിയ കൊട്ടാരമാണ് കോയിക്കലെന്നും ഇന്ത്യയിലെ ഏറ്റവും വലിയ നാണയശേഖരം ഇവിടെയാണെന്നും മന്ത്രി പറഞ്ഞു.

അതിനാൽ കോയിക്കൽ കൊട്ടാരം കൂടുതൽ ജനകീയമാക്കുന്നതിനുള്ള പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കൊട്ടാരത്തിന്റെ നിലവിലെ ചാർജ് ഓഫീസർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. ഒരുമണിക്കൂറോളം കൊട്ടാരത്തിൽ ചെലവിട്ട ശേഷമാണ് മന്ത്രി മടങ്ങിയത്.