ഇതാ നിങ്ങൾ പെണ്ണുങ്ങളുടെ സ്വഭാവം, നിങ്ങളിങ്ങനെ ഉള്ളിൽ കേറി വെടിവെക്കാണ്, സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഷാഫി ചാലിയം

0
78

 

ഹരിത വിഷയത്തിന്മേലുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ലീഗ് നേതാവ് ഷാഫി ചാലിയം. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഷാഫിയുടെ പരാമര്‍ശം. പാര്‍ട്ടിയുടെ ഫ്രെയിമില്‍ നിന്ന് മാറി സിപിഐ എമ്മിന്റെ വനിതാ കമ്മീഷനില്‍ പോയവരോട് തങ്ങള്‍ക്കൊന്നും പറയാനില്ലെന്നായിരുന്നു ഹരിത നേതാക്കളുടെ നടപടിയില്‍ ഷാഫി ചാലിയം ടെലിഫോണിൽ പ്രതികരിച്ചത്. ഏറ്റവും വലിയ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് വനിതാ കമ്മീഷന്‍ അധ്യക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ അധ്യക്ഷ ജോസഫൈന്റെ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജോസഫൈന്‍ അധ്യക്ഷസ്ഥാനത്ത് ഇപ്പോള്‍ ഇല്ലെന്ന് മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടിയപ്പോഴാണ് ഷാഫി ചാലിയം പ്രകോപിതനായത്. ജോസഫൈന്‍ ഇപ്പോഴും സിപിഐ എമ്മിലുണ്ടെന്നും അതിനെ എന്താണ് ചോദ്യം ചെയ്യാത്തതെന്നുമാണ് ഷാഫി മാധ്യമപ്രവര്‍ത്തകയോട് ചോദിച്ചത്. ‘ഇതാണ് നിങ്ങള്‍ പെണ്ണുങ്ങളുടെ തകരാറ്, നിങ്ങളിങ്ങനെ ഉള്ളില്‍ കേറി വെടിവെക്കുകയാണെന്നായിരുന്നു’ എന്നായിരുന്നു ഷാഫിയുടെ പരാമർശം. എന്നാല്‍ ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി. ഇതോടെ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഷാഫി ചാലിയം പറഞ്ഞു.
ഷാഫി ചാലിയത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം അടക്കമുള്ള ചർച്ചയുടെ മുഴുവൻ ഭാഗവും റിപ്പോർട്ടർ ടി വി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.