നിപ ബാധിച്ച് പന്ത്രണ്ടു വയസുകാരന്‍ മരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം. വൈറസിന്റെ ഉറവിടം തേടി കാട്ടുപന്നികളില്‍ നിന്ന് സാമ്പിൾ ശേഖരിച്ചു. മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് ഇവ ശേഖരിച്ചത്. തുടർന്ന് സാമ്പിൾ ഭോപ്പാലിലെ ജന്തുരോഗ നിര്‍ണയലാബിലേക്ക് പരിശോധനക്കായി അയച്ചു.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘവും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് സാമ്പിൾ ശേഖരിക്കുന്നത്. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. വവ്വാലില്‍ നിന്നുള്ള സാമ്പിൾ ശേഖരണം രാത്രിയില്‍ തുടങ്ങും. ചാത്തമംഗലത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രം കണ്ടെത്തിയിരുന്നു.