സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

0
53

സ്വന്തം തറവാട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍. പുല്ലഴി വലയത്ത് പ്രദീപാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുല്ലഴിയിലെ വീട്ടില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പ്രദീപ് തന്നെയാണ് പരാതി നല്‍കിയത്. സംശയം തോന്നിയ പൊലീസ് പ്രദീപിനെ ചോദ്യം ചെയ്തു.

ചുമട്ടു തൊഴിലാളിയായ ഇയാള്‍ മനക്കൊടിയിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ജോലിക്കായി ദിവസവും പുല്ലഴിയിലേക്ക് വരാറുണ്ടെന്നും രാവിലെയും വൈകിട്ടും വസ്ത്രങ്ങള്‍ മാറുന്നതിനും മറ്റുമായി തറവാട്ടു വീട്ടില്‍ എത്താറുണ്ടെന്നും പൊലീസിനോട് പറഞ്ഞു. അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സഹോദരിയുടെ സ്വര്‍ണാഭരണങ്ങളെക്കുറിച്ച് പ്രദീപിനും അമ്മയ്ക്കും സഹോദരിക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ പ്രദീപ് കുറ്റം സമ്മതിച്ചു. തനിക്ക് ബാധ്യതകളുണ്ടെന്നും അതിനാലാണ് മോഷ്ടിച്ചതെന്നും പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.