ഒക്ടോബര്‍ നാലുമുതല്‍ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദു. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കാനാണ് പൊതുവെ സ്വീകരിച്ചിട്ടുള്ള സമീപനമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കും. കോളേജുകളില്‍ കൊവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
വിദ്യാർത്ഥികൾക്കോ അധ്യാപകര്‍ക്കോ കൊവിഡ് വന്നാല്‍ സമ്പർക്കത്തിൽ ഉള്ളവരെ ക്വാറന്റീന്‍ ചെയ്യും. ക്ലാസുകള്‍ സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം സ്വീകരിക്കാം. 8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകള്‍ എന്നിവയ്ക്ക് ഫീസ് ഇളവ് നല്‍കിയിരുന്നു. തുറന്നാല്‍ ഫീസുകള്‍ അടയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.