ത്രിപുരയിലെ ബിജെപി ആക്രമണം: ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോഡിക്ക് യെച്ചൂരിയുടെ കത്ത്

0
46

 

ത്രിപുരയിലെ ബിജെപി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. നിയമവാഴ്ചയും ജനാധിപത്യ അവകാശവും സംരക്ഷിക്കുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. സമാധാനപരമായി രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശം തകർക്കാനാണ് ശ്രമമെന്ന് യെച്ചൂരി കത്തിൽ പറഞ്ഞു.
മുൻകൂട്ടി ആസൂത്രണം ചെയ്താണ് സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസടക്കം നിരവധി ഓഫീസുകൾ ആക്രമിച്ച് തകർത്തത്. സംസ്ഥാന കമ്മിറ്റി ഓഫീസിലുണ്ടായിരുന്ന രണ്ട് കാറുകൾ കത്തിക്കുകയും മുൻ മുഖ്യമന്ത്രി ദശരഥ് ദേബിന്റെ പ്രതിമ തകർക്കുകയും ചെയ്തു. പാർടി മുഖപത്രമായ ദേശർകഥ ഓഫീസും ആക്രമിച്ചു. പുറമെ നിരവധി മാധ്യമസ്ഥാപനങ്ങളും ആക്രമിച്ചു. പൊലീസ് സാന്നിധ്യത്തിലായിരുന്നു ആക്രമണം. പാർടി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി ആർ പി എഫ് സൈനികരെ പിൻവലിച്ചിരുന്നു. ക്രമസമാധാനം നിലനിർത്തുന്നതിനും സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിലും ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ കടുത്ത പരാജയമാണെന്ന് ആക്രമണങ്ങൾ നടന്ന രീതി വ്യക്തമാക്കുന്നു. അക്രമം പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ, ആക്രമണം അവസാനിപ്പിക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണമെന്ന് സീതാറാം യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.