സൂര്യഗായത്രിയുടെ കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയിൽ

0
76

 

നെടുമങ്ങാട്: കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പേയാട് വാറുവിളാകത്ത് വീട്ടിൽ അരുണി (28)നെ ഇന്നലെ വലിയമല പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും കസ്റ്റഡിയിൽ വാങ്ങി.

തെളിവിവെടുപ്പിന് മൂന്ന് ദിവസത്തേക്കാണ് അരുണിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുന്നത്. സൂര്യഗായത്രി വാടകയ്ക്ക് താമസിച്ചിരുന്ന ഉഴപ്പാക്കോണത്തെ വീട്ടിലും വാണ്ട കരിപ്പൂർ പ്രദേശങ്ങളിലും അരുണിനെ കൊണ്ടുപോയി തെളിവെടുക്കും. കഴിഞ്ഞ 30ന് ആയിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടിൽ വച്ച് അരുൺ കുത്തി പരുക്കേൽപ്പിച്ചത്.

33ൽ പരം കുത്തുകളേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സൂര്യഗായത്രി 31ന് പുലർച്ചെ മരിച്ചു. കുത്തുന്നതിനിടെ കയ്യിൽ പരുക്കേറ്റതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അരുൺ. മൂന്നാം തീയതി ഡിസ്ചാർജ് ചെയ്തതോടെ അരുണിനെ ജയിലിലേക്ക് മാറ്റി.