പുകവലിക്കാത്തവരിലും ശ്വാസകോശ ക്യാന്‍സറിന്റെ തെളിവുകള്‍; പുതിയ ഗവേഷണ റിപ്പോര്‍ട്ട്

0
35
Virojt Changyencham/Getty Images

 

പുകവലിക്കാത്ത ആളുകളിലെ ശ്വാസകോശ ക്യാന്‍സറിനെക്കുറിച്ചുള്ള ഒരു ജനിതക വിശകലനത്തില്‍, ഈ ട്യൂമറുകളില്‍ ഭൂരിഭാഗവും ശരീരത്തിലെ സ്വാഭാവിക പ്രക്രിയകള്‍ മൂലമുണ്ടാകുന്ന മ്യൂട്ടേഷനുകളുടെ ഫലമാണെന്ന് കണ്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ (എന്‍ഐഎച്ച്‌) ഭാഗമായ യുഎസ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍സിഐ) ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര സംഘമാണ് ഈ പഠനം നടത്തിയത്.

പുകവലിക്കാത്ത ആളുകളിലെ ശ്വാസകോശ അര്‍ബുദത്തിന്റെ മൂന്ന് തന്മാത്രാ ഉപവിഭാഗങ്ങളെക്കുറിച്ച്‌ നേച്ചര്‍ ജനിറ്റിക്‌സില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. പുകവലിക്കാത്ത ആളുകളില്‍ ശ്വാസകോശ അര്‍ബുദം എങ്ങനെ ഉയര്‍ന്നു വരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കുമെന്നും കൂടുതല്‍ കൃത്യമായ ക്ലിനിക്കല്‍ ചികിത്സകള്‍ വികസിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും എന്‍ഐഎച്ച്‌ പ്രസ്താവനയില്‍ പറഞ്ഞു.

ക്യാന്‍സര്‍ കോശങ്ങളിലെ ജനിതകമാറ്റങ്ങളും ഒരിക്കലും പുകവലിക്കാത്ത 232 രോഗികളുടെ കോശങ്ങളിലെ മുഴുവന്‍-ജീനോം സീക്വന്‍സിംഗും ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചു. ഈ രോഗികള്‍ അവരുടെ കാന്‍സറിന് ഇതുവരെ ചികിത്സ നടത്തിയിട്ടില്ല.

ഒരിക്കലും പുകവലിക്കാത്തവരിലെ ട്യൂമര്‍ ജീനോമുകളില്‍ ഭൂരിഭാഗവും ആന്തരിക പ്രക്രിയകള്‍ വഴി സംഭവിക്കുന്ന മ്യൂട്ടേഷണനിലൂടെയുള്ളതാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അതായത് ശരീരത്തിനുള്ളില്‍ സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയകളാണ് ക്യാന്‍സറിന് കാരണം.

എന്നാല്‍ അര്‍ബുദ രോഗികള്‍ പുകവലി നിര്‍ത്തിയാല്‍ വേഗത്തില്‍ രോഗമുക്തി നേടാന്‍ സാധ്യത കൂടുതലാണെന്ന് അടുത്തിടെ പുറത്തു വന്ന മറ്റൊരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഒപ്പം, ചികിത്സയുടെ ഫലമായി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനും ട്യൂമറുകള്‍ വീണ്ടും വരാനുമുള്ള സാധ്യത കുറയുമെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. അര്‍ബുദ ചികിത്സയ്ക്ക് വേണ്ടിയുള്ള പ്രധാന ആശുപത്രികളെല്ലാം ഇപ്പോള്‍ രോഗികളെ പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ പ്രേരിപ്പിക്കുകയാണ്. ശ്വാസകോശ അര്‍ബുദ രോഗികളില്‍ പുകവലി അവസാനിപ്പിച്ച രോഗികള്‍, തുടര്‍ന്നും പുകവലിച്ച രോഗികളെ അപേക്ഷിച്ച്‌ രണ്ട് വര്‍ഷ കാലം അധികം ജീവിച്ചതായും ഈ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ശ്വാസകോശ അര്‍ബുദത്തിന്റെ കാര്യത്തില്‍, ചികിത്സ ലഭ്യമാക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് പുകവലി പൂര്‍ണമായും അവസാനിപ്പിക്കുക എന്നതും. അമേരിക്കയില്‍ നിരവധി അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍ രോഗികളെ പുകവലിയില്‍ നിന്ന് മുക്തരാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ഫോണിലൂടെയുള്ള കൗണ്‍സിലിംഗ്, പുകവലിയോടുള്ള ആസക്തി കുറയ്ക്കാന്‍ നിക്കോട്ടിന്‍ ഗുളികകള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്. ഡോക്റ്റര്‍മാര്‍ പുകവലി ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ കൂടുതലായി രോഗികളെ പറഞ്ഞു മനസിലാക്കുന്നുണ്ട്.

ചില രോഗികളെ സംബന്ധിച്ചിടത്തോളം അര്‍ബുദ രോഗബാധ ഉണ്ടെന്ന് അറിയുന്നതിന്റെ ഞെട്ടല്‍ തന്നെ പുകവലി ഒഴിവാക്കാനുള്ള വലിയ പ്രചോദനമാണ്. ശ്വാസകോശ അര്‍ബുദം മിക്കവാറും രോഗികളിലും പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അര്‍ബുദ ബാധ തിരിച്ചറിയുന്നതോടെ ഇത്തരം പുകവലി ശീലമാക്കിയ രോഗികള്‍ക്ക് നിരാശയും പ്രതീക്ഷാഭംഗവും തോന്നുക സ്വാഭാവികമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എന്നാല്‍ പുകവലി മാത്രമല്ല ശ്വാസകോശ അര്‍ബുദത്തിന്റെ കാരണമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്. ക്യാന്‍സര്‍ അഥവാ അര്‍ബുദം ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗമാണ്. മാനവരാശിക്ക് തന്നെ അപകടകരമായി ക്യാന്‍സര്‍ മാറുന്നു. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാന്‍സര്‍ പിടിപെടാന്‍ കാരണം. അതു കൂടാതെ അന്തരീക്ഷ – പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം പാരമ്ബര്യം ഇങ്ങനെയും ചില കാരണങ്ങള്‍ ക്യാന്‍സറിന് കാരണമാകാറുണ്ട്. സാധാരണഗതിയില്‍ ക്യാന്‍സര്‍ തടയാന്‍ കഴിയുന്ന ഒരു രോഗമല്ല. എന്നാല്‍ ജീവിതശൈലിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാധ്യത ഒരു പരിധി വരെ നമുക്ക് തടയാനാകും.

അസാധാരണമായ കോശ വിഭജന സ്വഭാവമുള്ള മാരകമായ അവസ്ഥയാണ് കാന്‍സര്‍. നമ്മുടെ ശരീരം കോടി കണക്കിന് കോശങ്ങളാല്‍ നിര്‍മ്മിതമാണ്. ആരോഗ്യകരമായ കോശങ്ങള്‍ ശരീരത്തിന്റെ ആവശ്യകത അനുസരിച്ച്‌ വളരുകയും വിഭജിക്കുകയും ചെയ്യുന്നു. പ്രായമാകുമ്ബോഴോ കേടുപാടുകള്‍ സംഭവിക്കുമ്ബോഴോ, ഈ കോശങ്ങള്‍ മരിക്കും, പകരം പുതിയത് ഉണ്ടാകുന്നു. ഒരാള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകുമ്ബോള്‍, കോശങ്ങള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുന്നു. പഴയതും കേടായതുമായ കോശങ്ങള്‍ നശിക്കുന്നതിനുപകരം നിലനില്‍ക്കുകയും ആവശ്യമില്ലാത്തപ്പോള്‍ പോലും പുതിയ സെല്ലുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഈ അധിക കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിച്ച്‌ ട്യൂമറുകള്‍ക്ക് കാരണമാകുന്നു. പല തരത്തിലുള്ള ക്യാന്‍സറുകളും സോളിഡ് ട്യൂമറുകള്‍ അല്ലെങ്കില്‍ കലകള്‍ എന്നിവയ്ക്ക് കാണപ്പെടുന്നുണ്ടെങ്കിലും രക്തത്തിലെ ക്യാന്‍സറുകള്‍ ട്യൂമറുകള്‍ക്ക് കാരണമാകില്ല. ശരീരത്തിന്റെ ഏത് ഭാഗത്തും ഉണ്ടാകാന്‍ സാധ്യതയുള്ള കാന്‍സര്‍ സാധാരണയായി അടുത്തുള്ള കലകളിലേക്ക് വ്യാപിക്കുന്നു. അസാധാരണവും കേടായതുമായ കാന്‍സര്‍ കോശങ്ങള്‍ രക്തപ്രവാഹത്തിലൂടെയും മറ്റും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തുകയും പുതിയ മാരകമായ മുഴകള്‍ രൂപപ്പെടുകയും ചെയ്യുന്നു.

നിരവധി തരം അര്‍ബുദ രോഗങ്ങളുണ്ട്. സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, ചര്‍മ്മ അര്‍ബുദം, ശ്വാസകോശ അര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, ലിംഫോമ എന്നിവയാണ് ഈ അവസ്ഥയുടെ ഏറ്റവും സാധാരണയായി കാണപ്പെടുന്ന അവസ്ഥ. അര്‍ബുദത്തിന്റെ തരം അനുസരിച്ച്‌ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടുന്നു, കൂടാതെ കീമോതെറാപ്പി, റേഡിയേഷന്‍, ശസ്ത്രക്രിയ എന്നിവയാണ് ക്യാന്‍സറിനുള്ള ചികിത്സകള്‍.

മനുഷ്യരാശിയെ ഏറ്റവുധികം ഭയപ്പെടുത്തുന്ന ക്യാന്‍സര്‍ എന്ന മഹാരോഗത്തെ കീഴടക്കാന്‍ ശാസ്ത്രജ്ഞര്‍ നിരവധി ?ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. കെമിസ്ട്രിക്ക് കഴിഞ്ഞ വര്‍ഷം നൊബേല്‍ പുരസ്‌ക്കാരം നേടിക്കൊടുത്ത ജീന്‍ എഡിറ്റിങ് സംവിധാനത്തില്‍ അധിഷ്ഠിതമായ പുതിയ പഠനമാണ് ക്യാന്‍സറിനെതിരെ ഫലപ്രദമായ പ്രതിരോധം ഒരുക്കുന്നത്. മറ്റു കോശങ്ങളെ നശിപ്പിക്കാതെ ക്യാന്‍സര്‍ കോശങ്ങളെ തെരഞ്ഞുപിടിച്ചു ഇല്ലാതാക്കുന്ന ജീന്‍ എഡിറ്റിങ്, എലികളില്‍ ഏറെ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. CRISPR Cas-9 ജീന്‍ എഡിറ്റിംഗ് സംവിധാനത്തിലൂടെയാണ് ഇസ്രായേലിലെ ശാസ്ത്രജ്ഞര്‍ ക്യാന്‍സറിനെ നേരിടുന്ന പുതിയ മാര്‍ഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്.