31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനുള്ള ഹര്‍ജി തള്ളി

0
43

 

കൊച്ചി: ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി.  31 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ എറണാകുളം സ്വദേശിനിയായ അമ്മ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം ​ഗർഭസ്ഥ ശിശുവിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഗർഭസ്ഥ ശിശുവിന് വലിയ തോതിൽ വൈകല്യമുണ്ടെന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. ഗർഭസ്ഥ ശിശുവിന് അതിന്റേതായ ജീവിതവും അവകാശങ്ങളുമുണ്ടെന്നും അത് നിയമം അംഗീകരിക്കുന്നതാണെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാറിന്റെ വിധിയിൽ പറയുന്നു. ഗർഭം അലസിപ്പിക്കാൻ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നിയമപ്രകാരമുള്ള ആഴ്ച പിന്നിട്ടതിനാൽ, ആശുപത്രി അധികൃതർ ആവശ്യം നിഷേധിച്ചു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിക്കാരിയുടെ ആവശ്യം പരിഗണിക്കാനായി മെഡിക്കൽ ബോർഡിന് രൂപം നൽകിയിരുന്നു. കുഞ്ഞിന് വൈകല്യമുണ്ട്. എന്നാൽ ഇത് ഗുരുതരമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയില്ലെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. തുടർന്നാണ് ഗർഭസ്ഥ ശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളിയത്. നവജാത ശിശുവിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.