സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ച് ദിവസമാക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ

0
71

 

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ചു ദിവസമാക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനും പ്രവര്‍ത്തി സമയം 9.30 മുതല്‍ 5.30 വരെ ആകണമെന്നും ശുപാർശയിലുണ്ട്. പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറക്കാമെന്നും ദിവസവും ഒരുമണിക്കൂര്‍ അധികമായി രാവിലെ 9-30 മുതല്‍ 5-30 വരെ പ്രവര്‍ത്തി സമയം നിശ്ചയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടുതല്‍ ജനസമ്പര്‍ക്കമുള്ള ഓഫീസുകളില്‍ നിലവിലുള്ളതില്‍ ഒരു ഉദ്യോഗസ്ഥനെ പബ്ലിക്ക് കോണ്ടാക്ട് ഓഫീസറായി നിയമിക്കണം. പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥരും പേര് വെച്ച ബാഡ്ജ് ധരിക്കണമെന്നും ശുപാര്‍ശയില്‍ ഉണ്ട്. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്മാനെ നിയമിക്കണമെന്നും ശുപാര്‍ശയില്‍. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ വി കെ മോഹന്‍ദാസ് അധ്യക്ഷനായ കമ്മിഷനാണ് ശുപാര്‍ശകളടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ലീവുകളുടെ എണ്ണം നിജപ്പെടുത്തണം, അവധി ദിവസങ്ങള്‍ കുറയ്ക്കണം. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. എസ് സി, എസ്ടി, ഒ ബി സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ആശ്രിത നിയമനം പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. സര്‍വീസിലിരിക്കുന്ന ഒരാള്‍ മരണപ്പെടുമ്പോള്‍ ബന്ധുവിന് ജോലി നല്‍കുന്നതിലൂടെ ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമല്ല എന്നും റിപ്പോർട്ടിലുണ്ട്.