ഇന്ത്യയിലെ യാഹൂവിന്റെ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പികുന്നു

0
86

ഇന്ത്യയിലെ യാഹൂവിന്റെ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പികുന്നതായി ടെക് കമ്പനി വെറൈസന്‍ മീഡിയ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ് അമേരിക്കന്‍ കമ്പനിയെ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് 26 ശതമാനത്തില്‍ കൂടുതല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് (എഫ്.ഡി.ഐ) വിലക്കികൊണ്ടുള്ള ചട്ടമാണ് ഇന്ത്യയിലെ സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണമെന്ന് വെറൈസന്‍ മീഡിയ വക്താവ് ഏപ്രില്‍ ബോയ്ഡ് പറഞ്ഞു. ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാന്‍സ് ഉള്‍പ്പടെയുള്ള വാര്‍ത്താ – വിനോദ സൈറ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനം അവസാനിപ്പിക്കും. എന്നാല്‍ യാഹൂ മെയില്‍, യാഹു സെര്‍ച്ച് എന്നിവ രാജ്യത്ത് ലഭ്യമായിരിക്കും.

ഒക്ടോബര്‍ മുതലാണ് മാധ്യമ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപം പരിമിതപ്പെടുത്തി കൊണ്ടുള്ള എഫ്.ഡി.ഐ ചട്ടം നടപ്പില്‍ വരുന്നത്. ഡിജിറ്റല്‍ മേഖലയിലടക്കമുള്ളവക്ക് ചട്ടം ബാധകമാണ്. 2020 നവംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം നടത്തുന്നുണ്ടങ്കിലും വെറൈസണിന് അംഗീകാരം ലഭിച്ചിരുന്നില്ല.