എട്ട് ക്രിപ്‌റ്റോ കറൻസി ആപ്പുകൾ ഗൂഗിൾ നിരോധിച്ചു

0
68

ഡിജിറ്റൽ കറൻസി സേവനങ്ങൾ നൽകുന്ന എട്ട് ക്രിപ്‌റ്റോ കറൻസി ആപ്പുകൾ ഗൂഗിൾ നിരോധിച്ചു.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇവ നീക്കം ചെയ്തു.ആപ്ലിക്കേഷനുകൾ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ക്ലൗഡ് മൈനിങ്ങുകളാണ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. ആപ്പ് നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആപ്പുകൾ നിരോധിക്കുന്നത്. 2020 ജൂലൈ മുതൽ 2021 ജൂലൈ വരെ നാലായിരത്തി അഞ്ഞൂറിലധികം ആളുകൾ ഇത്തരം ആപ്പുകളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ക്രിപ്റ്റോകറൻസി ഒരു തരം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ്.
ലോകത്ത് നിരവധി പേരാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്തെ ഇടപാടുകളിൽ ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നത്.

വിലക്കിയ ആപ്പുകൾക്കൊന്നും ക്ലൗഡ് മൈനിങ് ഓപ്പറേഷൻസുമായി ബന്ധമില്ല. ഇവയ്ക്ക് ക്രിപ്റ്റോകറൻസി മൈനിങ് ഫീച്ചറുകളുമില്ല. എന്നാൽ ആപ്പ് ഉപയോഗിക്കാനായി 14.99 ഡോളർ മുതൽ 18.99 ഡോളർ വരെ ഇവർ ഈടാക്കും. അധിക പണം നൽകിയാൽ ക്രിപ്റ്റോകറൻസി മൈനിങ് ഫീച്ചറുകൾ ലഭ്യമാകുമെന്ന് പറഞ്ഞ് പറ്റിച്ചാണ് പണം തട്ടിയെടുക്കുന്നത്.

ഗൂഗിൾ വിലക്കിയ എട്ട് ആപ്പുകൾ ബിറ്റ്ഫണ്ട്സ്, ബിറ്റ്കോയിൻ മൈനർ, ബിറ്റ്കോയിൻ(ബിടിസി), ക്രിപ്റ്റോ ഹോളിക്, ഡെയ്ലി ബിറ്റ്കോയിൻ റിവാർഡ്സ്, ബിറ്റ്കോയിൻ 2021, മൈൻബിറ്റ് പ്രോ, എതേറിയം (ഇടിഎച്ച്) എന്നിവയാണ്. ക്രിപ്റ്റോകറൻസിക്ക് സ്വീകാര്യത വർധിച്ചിരിക്കുന്ന ഘട്ടത്തിലാണ് സാങ്കേതിക ലോകത്തെ ചതിക്കുഴികളിൽ ആളുകൾ പെട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്ക് വ്യാജന്മാരെ തിരിച്ചറിയുക എന്നതും വലിയ പ്രതിസന്ധിയാണ്.