“കോൺഗ്രസ് മുക്ത മലപ്പുറം” എ പി അനിൽകുമാറിനെതിരെ ഗുരുതര ആരോപണവുമായി പോസ്റ്റർ പ്രചരണം, അമ്പരന്ന് കെപിസിസി

0
88

എ പി അനിൽകുമാർ എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളും രൂക്ഷവിമർശനങ്ങളുമായി പോസ്റ്റർ പ്രചാരണം. വണ്ടൂരിലാണ് കോൺഗ്രസ്സ് എം എൽ എക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനം മലപ്പുറത്ത് കോൺഗ്രസ്സിന്റെ അന്തകനാണ് അനിൽകുമാറെന്നും പോസ്റ്ററിൽ കടുത്ത വിമർശനമുണ്ട്. വണ്ടൂർ അങ്ങാടിയിലും എംഎൽഎ ഓഫീസിനു മുന്നിലുമടക്കം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ മതേതരത്വം തകർക്കാൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗൂഢാലോചനയുണ്ടെന്ന മുന്നറിയിപ്പ്‌ നൽകുന്ന പോസ്റ്ററുകൾ കൂടുതൽ ഗൗരവമുള്ളതാണ്. കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരിന്റെ നേര്സാക്ഷ്യമാണ് പോസ്റ്ററിലൂടെ പുറത്ത് വന്നതെങ്കിലും ഉയർത്തുന്ന വിമർശനങ്ങൾ കോൺഗ്രസ്സിനെ തന്നെ ഞെട്ടിക്കുന്നതാണ്. കാളികാവ് നിലമ്പൂർ റോഡുകളിലും അങ്ങാടി പൊയിൽ ബസ്‌ സ്‌റ്റാന്റിലും കാളികാവ് കിഴക്കേതലയിലെ എംഎൽഎ ഓഫീസിന് മുന്നിലുമടക്കം അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലാണ് ജാഗ്രത സ്വഭാവമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ഗ്രൂപ്പ് വിഷയത്തിലെ തൊഴുത്തിൽ കുത്തിനെതിരെ ഡിസിസി ഭാരവാഹികളുൾപ്പെടെ നേതൃത്വത്തിന് പരാതികൾ നൽകിയതായും പറയുന്നുണ്ട്. മുസ്ലിം ലീഗ് കോൺഗ്രസ്സിനെ വിഴുങ്ങുന്നതിന്റെ പല സൂചനകളും പ്രത്യക്ഷമായി തന്നെ പുറത്ത് വന്നിരുന്നു. പ്രതിഷേധ നിയമസഭയിൽ മുഖ്യമന്ത്രി പദവിയും, സ്‌പീക്കർ പദവിയും മുസ്ലിം ലീഗ് എം എൽ എ മാർക്ക് നൽകിയത് കോൺഗ്രസിനുള്ളിൽ കടുത്ത വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ്സ് മുക്ത മലപ്പുറമാണ് അനിൽ കുമാറിന്റെ സ്വപ്നം എന്ന നിലയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെടുന്നത്. ഡിസിസി അധ്യക്ഷ തർക്കം നിലനിൽക്കെയാണ് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.