സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്നു മുതൽ; ലക്ഷ്യം പ്രതിദിനം അഞ്ചു ലക്ഷം പേർക്ക് വാക്സിനേഷൻ

0
108

 

സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. അവസാന വർഷ ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്കും എൽ.പി, യു. പി സ്‌കൂൾ അധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുക ഈ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനു ലഭിക്കുന്ന വാക്സിനുകൾക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 20 ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിൻ നൽകാൻ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.

ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും വാങ്ങിയ വാക്സിനുകളിൽ നിന്നും ആശുപത്രികളുമായി ചേർന്ന് സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്സിനേഷൻ നടത്താം. ഇതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാം. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.

മുതിർന്ന പൗരൻമാർക്കുള്ള വാക്സിനേഷൻ ആഗസ്റ്റ് 15 നകം പൂർത്തിയാക്കും. അറുപത് വയസ്സ് കഴിഞ്ഞവർക്കുള്ള ആദ്യ ഡോസ്സാണ് പൂർത്തീകരിക്കുക. കിടപ്പുരോഗികൾക്ക് വീട്ടിൽചെന്ന് വാക്സിൻ നൽകും.

നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴുമുതൽ വൈകിട്ട് ഒൻപതു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകും. ബുധനാഴ്ച മുതലാണ് കർക്കശമായ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി മാളുകൾ തുറക്കാൻ അനുമതി നൽകുക. കർക്കിടക വാവിന് കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ തന്നെ പിതൃതർപ്പണച്ചടങ്ങുകൾ നടത്തണം.

നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും എത്തുന്നുണ്ടോയെന്ന് മേലധികാരികൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.