ആവശ്യം കഴിഞ്ഞു യെദിയൂരപ്പയെ പുറത്താക്കി കർണാടകത്തിൽ ബിജെപി പിളർപ്പിലേക്ക്

0
81

കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ബി എസ് യെദിയൂരപ്പയെ തെറിപ്പിച്ചുവെങ്കിലും ബിജെപിയിലെ കലാപം കെട്ടടങ്ങില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിയാൻ യെദിയൂരപ്പ മുന്നോട്ട് വച്ച ഉപാധികൾ ഒന്നും കേന്ദ്രനേതാക്കൾ അംഗീകരിക്കാത്തതിൽ വലിയൊരു വിഭാഗം നേതാക്കൾക്ക് കടുത്ത പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തിൽ ആരെ മുഖ്യമന്ത്രിയാക്കിയാലും അവർക്കെതിരെ വിമതനീക്കം ഉണ്ടാകും എന്നതും ഉറപ്പാണ്.

പുറമെ ലിംഗായത്ത് സമുദായം പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നതും ബിജെപി നേതാക്കളെയാകെ ആശങ്കയിലാക്കുന്നുമുണ്ട്. യെദിയൂരപ്പയെ മാറ്റി ബിജെപി തലമുറ മാറ്റത്തിന് തയ്യാറാവുമ്പോള്‍ അത് കർണാടകത്തിലും ബിജെപിയിലും വലിയ കോളിളക്കത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നത് മുമ്പ് യെദിയൂരപ്പ നടത്തിയ വൈകാരിക പ്രകടനം തനിക്കനുകൂലമായ സഹതാപതരംഗം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു. യെദിയൂരപ്പയെ മാറ്റരുതെന്ന് ലിംഗായത്ത് സമുദായവും വിവിധ മഠങ്ങളും പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ചും.

ലിംഗായത്ത് സമുദായം നിലപാട് കർക്കശമാക്കിയതോടെ നേത്രുനീക്കം പാളുമെന്ന ഘട്ടം വരെയുണ്ടായി. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ എന്നിവർ കേണപേക്ഷിച്ചതിനെത്തുടർന്നാണ്  യെദിയൂരപ്പ തീരുമാനത്തിന് വഴങ്ങിയത്.