⭕ അഞ്ച് അടി ഉയരത്തിലിരിക്കുന്ന വെള്ളം നിറച്ച ഒരു ബക്കറ്റിൽ നിന്ന് ഒരു ഹോസ് താഴെ ഗ്രൗണ്ടിൽ വച്ചിരിക്കുന്ന ഒരു ബക്കറ്റിലേക്കിട്ടാൽ ഉയരത്തിലിരിക്കുന്ന ബക്കറ്റിലെ വെള്ളം താഴെയുള്ള ബക്കറ്റിലേക്ക് ഒഴുകും.എന്നാൽ രണ്ടു ബക്കറ്റും അഞ്ച് അടി ഉയരത്തിലാണ് ഇരിക്കുന്നതെങ്കിൽ വെള്ളം ഒഴികില്ല.ആദ്യം പറഞ്ഞതിൽ വെള്ളം ഒഴുകാനുള്ള കാരണം ബക്കറ്റുകൾ തമ്മിലുള്ള ഉയരവ്യത്യാസമാണെന്നു നമുക്കറിയാം.രണ്ടു ബക്കറ്റും തമ്മിൽ ഉയരവ്യത്യാസം ഉണ്ടെങ്കിൽ മാത്രമേ ഉയരക്കൂടുതൽ ഉള്ളതിൽ നിന്ന് കുറവുള്ളതിലേക്ക് വെള്ളം ഒഴുകുകയൊള്ളു.
⭕അതേപോലെ ഒരു പോയിന്റിൽ നിന്നും മറ്റൊരു പോയിന്റിലേക്ക് അഥവാ ഒരു വയറിൽ നിന്നും മറ്റൊരു വയറിലേക്ക് ഇലക്ട്രിസിറ്റി പ്രവഹിക്കുന്നതിനു ഒരു വോൾട്ടേജ് വ്യത്യാസം വേണം.ഒരേ വോൾട്ടേജിലുള്ള രണ്ടു വയറുകൾ പരസ്പരം ഒരു ലോഡ് വഴിയോ നേരിട്ടോ ബന്ധിപ്പിച്ചാൽ വൈദ്യുതി പ്രവാഹം ഉണ്ടായിരിക്കില്ല.
⭕ഉദാഹരണത്തിന് ഫേസ് വയറിൽ ന്യൂട്രലിനെ അപേക്ഷിച്ച് 230 വോൾട്ട് വ്യത്യാസം ഉണ്ട്.ഒരു ബൾബിന്റെ രണ്ടു ടെർമിനലുകളിലും ഫേസ് കണക്ട് ചെയ്താൽ ബൾബ് കത്തില്ല കാരണം രണ്ടു ടെർമിനലുകളിലും വോൾട്ടേജ് ഒരേ വോൾട്ടാണ്. (അതായത് 230 വോൾട്ടാണ്) അതുകൊണ്ടു ബൾബിലൂടെ വൈദ്യുതി പ്രവാഹം ഉണ്ടായിരിക്കില്ല.ഇതുപോലെത്തന്നെ ന്യൂട്രലും ന്യൂട്രലും തമ്മിൽ ബന്ധിപ്പിച്ചാലും ബൾബ് കത്തില്ല കാരണം ബൾബിന്റെ രണ്ടു ടെർമിനലുകളിലും ഒരേ വോൾട്ടേജ് ആണ്.
എന്നാൽ ബൾബിന്റെ ഒരു ടെർമിനൽ ന്യൂട്രലും , ഒരു ടെർമിനൽ ഫേസിലും കണക്ട് ചെയ്താൽ ബൾബ് കത്തുന്നു.കാരണം ന്യൂട്രലിനും ഫേസിനും വോൾട്ടേജ് വ്യത്യാസം ഉള്ളതുകൊണ്ട്. ന്യൂട്രലിനെ അപേക്ഷിച്ചു ഫേസിലെ വോൾട്ടേജ് 230V ആണ് അതായത് 230 വോൾട്ടിന്റെ വ്യത്യാസം.
⭕ഒരു പക്ഷി ഒരു ഇലക്ട്രിക്ക് ലൈനിൽ ഇരിക്കുമ്പോൾ ഷോക്കേൽക്കാതിരിക്കാനുള്ള പ്രധാന കാരണം ഇതാണ്.പക്ഷിയുടെ രണ്ടു കാലുകൾ ബൾബിന്റെ രണ്ടു ടെർമിനലുകളാണെന്നു കരുതുക. ഇവിടെ പക്ഷിയുടെ രണ്ടു കാലുകളും ഒരേ ലൈനിൽ ആണിരിക്കുന്നത്. അതായത് ബൾബിന്റെ രണ്ടു ടെർമിനലുകളിലും ഫേസ് കണക്ട് ചെയ്തതുപോലെ.പക്ഷിയുടെ രണ്ടു കാലുകളും വച്ചിരിക്കുന്ന പോയിന്റുകൾ തമ്മിൽ വോൾട്ടേജ് വ്യത്യാസം ഇല്ലാത്തതുകൊണ്ട് നേരത്തെ ബൾബിലൂടെ വൈദ്യുതി പ്രവഹിക്കാതിരുന്നത് പോലെ പക്ഷിയുടെ ശരീരത്തിലൂടെയും വൈദ്യുതി പ്രവഹിക്കില്ല.അതുകൊണ്ടു പക്ഷികൾക്ക് സുരക്ഷിതമായി പവർ ലൈനുകളിൽ ഇരിക്കാൻ കഴിയുന്നു.
പക്ഷികൾക്ക് ഷോക്കേൽക്കാതിരിക്കാനുള്ള മറ്റൊരു കാരണം കൂടിയുണ്ട്. പവർ ലൈനുകൾക്കുപയോഗിക്കുന്ന അലൂമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾക്ക് ഇലക്‌ട്രിസിറ്റിയോടുള്ള പ്രതിരോധം പക്ഷിയുടെ ശരീരത്തിനേക്കാൾ കുറവാണ്.
ഇലക്‌ട്രിസിറ്റിയോടുള്ള പ്രതിരോധം പക്ഷിക്കായിരുന്നു കുറവെങ്കിൽ പക്ഷിക്ക് ഷോക്കേറ്റനെ.
⭕എങ്ങനെയെന്നാൽ പക്ഷി രണ്ടു കാലുകളും ഒരേ ലൈനിൽ വച്ചിരിക്കുമ്പോൾ പക്ഷിയുടെ രണ്ടു കാലുകൾക്കിടക്ക് വരുന്ന പവർ ലൈൻ ഭാഗത്തിന് പക്ഷിയുടെ ശരീരത്തെക്കാൾ റെസിസ്റ്റൻസ് കൂടുതൽ ആണെങ്കിൽ വൈദ്യുതി പവർ ലൈനിലൂടെ പ്രവഹിക്കാതെ പ്രവഹിക്കാൻ എളുപ്പമുള്ള പക്ഷിയുടെ ഒരു കാലിലൂടെ കയറി ശരീരം വഴി അടുത്ത കാലിലേക്ക് പ്രവഹിക്കുമായിരുന്നു. ഇത് പക്ഷിക്ക് ഷോക്കേൽക്കാനും , പക്ഷിയുടെ മരണത്തിനും കാരണമാകും.ഒരു പക്ഷി ഒരു കാൽ ഒരു ഫേസിലും , അടുത്ത കാലോ ചിറകോ ന്യൂട്രലിലോ വേറൊരു ഫേസ് ലൈനിലോ സ്പർശിച്ചാൽ പക്ഷിക്ക് ഷോക്കേൽക്കും.വവ്വാലുപോലയുള്ള വലിയ ചിറകുള്ള പക്ഷികൾക്ക് ഇത്തരത്തിൽ സ്പർശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
⭕രണ്ടു ഫേസ് ലൈനുകളിലും ഒരേ വോൾട്ടേജ് ആണെങ്കിലും ഓരോ ഫേസും 120 ഡിഗ്രി ഫേസ് ഡിഫറെൻസ് ഉണ്ട്. ഇങ്ങനെ ഫേസ് ഡിഫറെൻസ് ഉണ്ടാകുമ്പോൾ അവ തമ്മിൽ വോൾട്ടേജിലും (പൊട്ടൻഷ്യൽ) വ്യത്യാസം ഉണ്ടാകും. അതുകൊണ്ട് രണ്ടു വ്യത്യസ്ത ഫേസുകൾക്കിടയിൽ സ്പർശിച്ചാലും ഷോക്കേൽക്കും.
ഇതേ ഇലക്ട്രിക് ലൈനിൽ നമ്മൾ സ്പർശിക്കുമ്പോൾ നമ്മുക്ക് ഷോക്കേൽക്കാൻ കാരണം നമ്മുടെ കാലുകൾ ഗ്രൗണ്ടിൽ സ്പർശിച്ചിരിക്കുന്നത് കൊണ്ടാണ്. എർത്ത് / ഗ്രൗണ്ട് വോൾട്ടേജ് പൂജ്യം ആണ്. അതുകൊണ്ടു നമ്മൾ സ്പർശിക്കുന്ന രണ്ടു പോയിന്ററുകൾ തമ്മിൽ ഒരു വോൾട്ടേജ് വ്യത്യാസം ഉണ്ട്.
⭕ഒരു പോയിന്റ് 230 വോൾട്ട് ഒരു പോയിന്റ് 0 അതുകൊണ്ടു നമ്മൾ ലൈനിൽ സ്പർശിക്കുമ്പോൾ നമ്മുടെ ശരീരത്തിലൂടെ വൈദ്യുതി ഗ്രൗണ്ടിലേക്ക് പ്രവഹിക്കുകയും നമ്മുക്ക് ഷോക്കേൽക്കുകയും ചെയ്യും.