ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സക്കും പാക്കിസ്ഥാന്‍ ക്രിക്കറ്ററായ ഭര്‍ത്താവ് ശുഐബ് മാലിക്കിനും യു.എ.ഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. മുപ്പത്തിനാലുകാരി സാനിയയും മുപ്പത്തൊമ്പതുകാരന്‍ മാലിക്കും മൂന്നു വയസ്സുള്ള മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പം ദുബായിലാണ് താമസം. സാനിയ ഹൈദരാബാദുകാരിയാണ്. മാലിക് പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയും. 2010 ലായിരുന്നു ഇവരുടെ വിവാഹം.
കഴിഞ്ഞ വര്‍ഷമാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് വിദേശികള്‍ക്ക് സ്‌പോണ്‍സറില്ലാതെ യു.എ.ഇയില്‍ ജീവിക്കുകയും പഠിക്കുകയും ജോലി സമ്പാദിക്കുകയും ബിസിനസ് നടത്തുകയും ചെയ്യാം. അഞ്ച് മുതല്‍ പത്ത് വര്‍ഷത്തേക്കാണ് വിസ അനുവദിക്കുന്നത്. പുതുക്കുകയും ചെയ്യാം. സാനിയക്കും മാലിക്കിനും പത്തു വര്‍ഷത്തേക്കാണ് വിസ അനുവദിച്ചിരിക്കുന്നത്.
സ്‌പോര്‍ട്‌സ് വ്യവസായം ദുബായില്‍ നിന്ന് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇരുവരും അറിയിച്ചു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ലൂയിസ് ഫിഗൊ, നോവക് ജോകോവിച്, ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ഷാറൂഖ് ഖാന്‍ തുടങ്ങിയ പ്രമുഖര്‍ക്ക് ഈയിടെ യു.എ.ഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു