കമൽ ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും, ‘വിക്ര’ത്തിന്റെ ഫസ്റ്റ് ലുക്ക്

0
79

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വിക്ര’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയും ഫഹദ് ഫാസിലും പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്. മൂവരുടെയും കഥാപാത്രങ്ങളുടെ ക്ലോസപ്പുകൾ അടങ്ങിയതാണ് ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള പോസ്റ്റർ.

വിജയ് നായകനായ ‘മാസ്റ്ററി’നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമൽ ഹാസന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിലായിരുന്നു ടൈറ്റിൽ പ്രഖ്യാപനം. കമൽ ഹാസനും ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പം നരെയ്‌നും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്റെയും ഛായാഗ്രാഹകനായ സത്യൻ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകൾ വന്നതിനാൽ പിന്മാറുകയായിരുന്നു.

രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് വിക്രത്തിന്റെ നിർമ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. നൃത്തസംവിധാനം ദിനേശ്. പിആർഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണൻ ഗൺപത്. ചെന്നൈയിൽ വൈകാതെ ചിത്രീകരണം ആരംഭിക്കും.