പീഡനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണം; വിവാദ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ

0
85

 

പാകിസ്താനിൽ സ്ത്രീ പീഡനങ്ങൾ വർദ്ധിക്കാൻ കാരണം സ്ത്രീകളുടെ വസ്ത്രധാരണരീതി കാരണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ ഈ വിവാദ പരാമർശം.

ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുന്നതെങ്കിൽ അത് ഉറപ്പായും പുരുഷനിൽ സ്വാധീനം ചെലുത്തുമെന്നും അങ്ങനെ അല്ലെങ്കിൽ അയാൾ ഒരു യന്ത്രമനുഷ്യൻ ആയിരിക്കണം എന്നുമാണ് ഇമ്രാൻ പറഞ്ഞത്.

ഇമ്രാൻ ഖാന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയയും രംഗത്തെത്തി. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. ലൈംഗിക അതിക്രമത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ഏറെപ്പേരും അഭിപ്രായപ്പെട്ടു. ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാൻ ഖാൻ ഇത്തരമൊരു അഭിപ്രായം പറയുന്നത്.

മറ്റൊരു അഭിമുഖത്തിൽ പുരുഷന്മാരിൽ സ്ത്രീകളെകുറിച്ച് ദുഷിച്ച ചിന്തകൾ ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പർദ്ദ പോലുള്ള വസ്ത്രധാരണരീതികൾ പ്രചാരത്തിലുള്ളതെന്ന് ഇമ്രാൻ പറഞ്ഞിരുന്നു. പാകിസ്താനിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി സ്ത്രീ അനുകൂല സംഘടനകൾ അന്ന് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.