ഉത്തർപ്രദേശിൽ വ്യാജമദ്യദുരന്തം; 11 പേര്‍ മരിച്ചു, അഞ്ച്​ പേര്‍ ഗുരുതരാവസ്ഥയില്‍

0
71

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച്‌​ 11 പേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍സിയയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ചതാണ് മരണകാരണം. പൊലീസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോഴാണ് കാര്‍സിയയിലും സമീപ ഗ്രാമങ്ങളിലുമായി ആറ് പേര്‍ കൂടി മരിച്ചതായി കണ്ടെത്തിയത്. ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.

അലിഗഡ്-തപാല്‍ ഹൈവേയിലെ ഗ്യാസ് ഡിപ്പോയില്‍ ജോലിക്കായി എത്തിയ ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേരെയും പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.