ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു

0
74

 

ജോലി വാഗ്ദാനം ചെയ്ത് ഒരുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.കേന്ദ്രസർക്കാർ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

കേന്ദ്ര മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രം കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായവർ പൊലീസിനോട് പറഞ്ഞു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. മുളക്കുഴ മുൻ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ സനു എൻ നായരാണ് ഒന്നാംപ്രതി. ബുധനൂർ സ്വദേശി രാജേഷ് കുമാർ, എറണാകുളം വൈറ്റില സ്വദേശി ലെനിൽ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇതുവരെ ഒൻപത് പരാതികളാണ് ചെങ്ങന്നൂർ പൊലീസിന് ലഭിച്ചത്.

കേന്ദ്രമന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചു ആളുകളെ ഇവർ വിശ്വസിപ്പിച്ചിരുന്നു. അഭിമുഖത്തിനെന്ന പേരിൽ ഉദ്യോഗാർത്ഥികളെ എഫ്‌സിഐയുടെ ചെന്നൈ, ഡൽഹി ഓഫീസുകൾക്ക് സമീപം ദിവസങ്ങളോളം താമസിപ്പിക്കും. ശേഷം പണവുമായി മുങ്ങുന്ന രീതിയാണ് ഇവർക്കെന്നും പൊലീസ് പറഞ്ഞു.

മുളക്കുഴ പഞ്ചായത്തിൽ മുൻ അംഗമായിരുന്ന സനു, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരീക്കര ബ്ലോക്ക് ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്നു.