ആലപ്പുഴ ജില്ലയിലെ കുളമ്പ് രോഗം തടയാൻ അടിയന്തിര നടപടി: മന്ത്രി ജെ ചിഞ്ചുറാണി

0
142

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി ജെ ചിഞ്ചു റാണി. കേരളത്തിൽ മറ്റൊരിടത്തും രോഗവ്യാപനം ഉണ്ടാകാതിരിക്കാനും രോഗം ബാധിച്ച കന്നുകാലികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

കൂടാതെ കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ കന്നുകാലികളിൽ കുളമ്പ് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം മന്ത്രി ജെ ചിഞ്ചു റാണി ഓൺലൈനായി വിളിച്ചു ചേർത്തത്. ഈ താലൂക്കുകളിൽ 885 കന്നുകാലികൾക്കാണ് രോഗം ബാധിച്ചിട്ടുണ്ട്. അതിൽ ഏഴെണ്ണം ചത്തു.

കോവിഡ് പശ്ചാത്തലത്തിൽ വാക്സിനേഷൻ എടുക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് രോഗം പടർന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ള കന്നുകാലികളിൽ നിന്നോ വാക്സിൻ പ്രതിരോധം നഷ്‌ടപ്പെട്ട കന്നുകാലികളിൽ നിന്നോ ഉണ്ടായ രോഗവ്യാപനം മൂലമാണ് ക്ഷീര കർഷകരെ ദുരിതത്തിലാക്കിയ കുളമ്പ് രോഗം പടർന്നതെന്ന് യോഗം വിലയിരുത്തി.

കന്നുകാലികളെ ചികിത്സിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ ലഭ്യമാക്കും. രോഗം ബാധിച്ച കന്നുകാലികൾക്ക് കാലിത്തീറ്റ സൗജന്യമായി നൽകാൻ പദ്ധതി തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ ഡോ.കെ എം ദിലീപ്, ജില്ലയിലെയും സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലേയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.