കെജിഒഎ മുൻ സംസ്ഥാന സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. എ സുഹൃത്‌കുമാർ (58) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്‌ച രാത്രി എട്ടോടെയാണ് അന്ത്യം.
തിരുവല്ല പരുമലയിൽ തോപ്പിൽവീട്ടിൽ കെ അപ്പുക്കുട്ടനാദിശ്ശരുടെയും ജി ഭാർഗവിയമ്മയുടെയും മകനാണ്. കേരള സർവകലാശാലയിൽനിന്ന് ബിരുദവും നിയമബിരുദവും നിയമത്തിൽ ബിരുദാനന്തര ബിരുദവും എം ജി സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദവും നേടി. മഹാരാഷ്‌ട്രയിലെ ചന്ദ്രപുർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ഗവ. ലോ കോളേജുകളിൽ അധ്യാപകനായിരുന്നു.
വിവിധ പഠന ഗവേഷണ സ്ഥാപനങ്ങളിൽ നിയമശാസ്‌ത്ര ഫാക്കൽറ്റി അംഗമായിരുന്നു. നിലവിൽ കരകുളം ഗ്രാമീണ പഠന കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്‌ടറാണ്.2002ലും 2013ലും നടന്ന ജീവനക്കാരുടെ അനശ്‌ചിതകാല പണിമുടക്കിൽ നേതൃപരമായ പങ്കുവഹിച്ചു. കെജിഒഎ ന്യൂസ് പത്രാധിപരായിരുന്നു.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. നിയമം കുട്ടികളുടെ രക്ഷയ്‌ക്ക്, പഞ്ചായത്ത്‌രാജ് കുട്ടികൾക്ക്, അറിവിന്റെ അവകാശികൾ, വിവേചനത്തിന്റെ ഭിന്നമുഖങ്ങൾ, പരിസ്ഥിതി നിയമം ഒരു പരിചയം, ഇ എം എസ് സ്‌മൃതി സമാഹാരം തുടങ്ങി ഒട്ടേറെ പുസ്‌തകങ്ങളുടെ രചയിതാവാണ്.
വട്ടിയൂർക്കാവ് പടയണി റോഡ്, പിആർഎ 136 എ ‘സൗഹൃദ’യിലായിരുന്നു താമസം. ഭാര്യ: ഡോ. കെ ടി ശ്രീലതകുമാരി കെജിഒഎ മുൻ സംസ്ഥാന പ്രസിഡന്റാണ്. നിലവിൽ സ്‌റ്റേറ്റ് ന്യൂട്രിഷൻ ഓഫീസറാണ്. മക്കൾ: അശ്വിനി, അനന്യ.