ആ 500 പേരിൽ സുബൈദുമ്മയും ജനാർദ്ദനനും, ഇരുവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും

0
60

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞചടങ്ങില്‍ പങ്കെടുക്കുന്ന 500 പേരിൽ കണ്ണൂരിലെ ജനാർദ്ദനനും ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദുമ്മയും. ഇരുവരും വ്യാഴാഴ്ച തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞചടങ്ങില്‍ സംബന്ധിക്കും.
സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദുമ്മയ്ക്ക് ലഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പോകേണ്ട എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുബൈദ പറയുന്നു. നാട്ടുകാര്‍ പലരും സത്യപ്രതിജ്ഞ ചടങ്ങിന് പോകുന്നില്ലെന്ന് ക്ഷണിച്ചില്ലെന്നൊക്കെ ചോദിക്കുമായിരുന്നെന്നും നമ്മള് പാവപ്പെട്ടവര്‍ എന്തിനാ പോകുന്നേ.. ടിവിയില്‍ കണ്ട് സന്തോഷിപ്പിക്കാം എന്നായിരുന്നു സുബൈദുമ്മയുടെ ആദ്യ മറുപടി. “കളക്ടറേറ്റിലെ സാറ് ഇന്നലെ രാവിലെ 11 മണിക്ക് പേപ്പര്‍ കൊണ്ടുവന്നു. സന്തോഷമായി, മക്കളെ വിളിച്ച്‌ വിവരം പറഞ്ഞു. കൊവിഡ് ആയതോണ്ട് പോവണ്ടയെന്ന് എല്ലാരും പറഞ്ഞു. കിട്ടിയ സ്ഥിതിക്ക് പോയേ പറ്റൂവെന്ന് മനസിന് ഭയങ്കര ഇത്.” സുബൈദുമ്മ പറഞ്ഞു.കൊവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ദുരിതാശ്വാസനിധിയിലേക്ക് ആടിന് വിറ്റ് സുബൈദ സംഭാവന നല്‍കിയിരുന്നു.
തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ജനര്‍ദ്ദനന് കഴിഞ്ഞദിവസം ക്ഷണക്കത്ത് ലഭിച്ചിരുന്നു. കോവിഡിന്റെ സാഹചര്യം പരിഗണിച്ച്‌ പോകുന്നില്ലെന്ന തീരുമാനമാണ് ജനാര്‍ദ്ദനന്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്മാറി ചടങ്ങ് കാണാന്‍ നേരിട്ടെത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകുമെന്ന് തോന്നിയത് കൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ജനാര്‍ദ്ദനന് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്.മുഖ്യമന്ത്രിയുടെ അതിഥിയായി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയുകയെന്നത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ലെന്ന് ജനാര്‍ദ്ദന്‍ പറഞ്ഞു.