ഐഎസ് അനുകൂല പോസ്റ്റ്; മധുരയില്‍ നാലിടത്ത് എന്‍ഐഎ റെയ്ഡ്

0
55

ഐഎസിന് അനുകൂലമായ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചതിനെതുടര്‍ന്ന് മധുരയില്‍ നാലിടത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. മുഹമ്മദ് ഇക്ബാല്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളാണ് വിവാദമായത്. കാസിമാര്‍ സ്ട്രീറ്റ്, കെ പുതുര്‍, പെഥാനിയപുരം, മധുരയിലെ മെഹബൂബ് പാളയം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സിമ്മുകള്‍, പെന്‍ ഡ്രൈവുകള്‍, നിരോധിക്കപ്പെട്ട നിരവധി പുസ്തകങ്ങള്‍, രേഖകള്‍, ലഘുലേഖ എന്നിവ ഉള്‍പ്പെടെ 16 ഡിജിറ്റല്‍ ഉപകരണങ്ങള്‍ റെയ്ഡില്‍ കണ്ടെടുത്തു.
സമൂഹമാധ്യമങ്ങളിൽ ഐഎസ് അനുകൂല പോസ്റ്റിട്ട മധുരയിലെ കാസിമാര്‍ സ്ട്രീറ്റിലെ താമസക്കാരനായ ഇക്ബാല്‍ എന്ന സെന്തില്‍കുമാറിനെ ഡിസംബര്‍ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇത്തരം പോസ്റ്റുകള്‍ പ്രചരിച്ചതിനെതുടര്‍ന്ന് തമിഴ്നാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രില്‍ 15 നാണ് കേസ് എൻഐഎ ഏറ്റെടുത്തത്.