കനത്ത മഴ, കാറ്റ്, കടൽക്ഷോഭം; തിരുവനന്തപുരം ജില്ലയിൽ 293 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

0
75

 

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കടൽക്ഷോഭവുമുണ്ടായ പശ്ചാത്തലത്തിൽ 293 കുടുംബങ്ങളിലായി 1,128 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 228 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണമായും തകർന്നു.

കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുള്ള 326 കെട്ടിടങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം താലൂക്കിൽ 12 ദുരിതാശ്വാസ ക്യാംപുകളിലായി 186 കുടുംബങ്ങളിലെ 763 പേരെ മാറ്റി പാർപ്പിച്ചു. മണക്കാട് വില്ലേജിലെ കാലടി ഹൈസ്‌കൂളിൽ ആറു കുടുംബങ്ങളിലെ 21 പേർ കഴിയുന്നുണ്ട്. കഠിനംകുളം വില്ലേജിലെ എ.ജെ കോംപ്ലക്‌സിൽ 18 കുടുംബങ്ങളിലെ 97 പേരെ മാറ്റിപാർപ്പിച്ചു. കല്ലിയൂർ വില്ലേജിലെ വെള്ളായണി ഗവ. എൽ.പി.സ്‌കൂളിൽ 14 കുടുംബങ്ങളിലെ 45 പേർ കഴിയുന്നു.

പേട്ട വില്ലേജിൽ ചാക്ക ഗവ. യു.പി സ്‌കൂളിൽ ഒരു കുടുംബത്തിലെ നാലുപേരും സെന്റ് റോഷ് കോൺവെന്റിൽ 19 കുടുംബങ്ങളിലെ 60 പേരും കഴിയുന്നുണ്ട്. മുട്ടത്തറ വില്ലേജിലെ പൂന്തുറ എച്ച്.എസ്.എസിൽ 56 കുടുംബങ്ങളിലെ 210 പേരെയും ബീമാപള്ളി യു.പി.എസിൽ 14 കുടുംബങ്ങളിലെ 80 പേരെയും വലിയതുറ ഫിഷറീസിൽ 12 കുടുംബങ്ങളിലെ 75 പേരെയും കമലേശ്വരം ജി.എച്ച്.എസ്.എസിൽ നാലു കുടുംബങ്ങളിലെ ഒൻപതു പേരെയും മാറ്റിപാർപ്പിച്ചിട്ടുണ്ട്. തിരുവല്ലം വില്ലേജിൽ വാഴമുട്ടം ജി.എച്ച്.എസിൽ ആറു കുടുംബങ്ങളിലെ 34 പേരാണ് കഴിയുന്നത്. ആറ്റിപ്ര വില്ലേജിലെ വള്ളിത്തുറ എച്ച്.എസ്.എസിൽ 27 കുടുംബങ്ങളിലെ 107 പേരും വലിയവേളി സെന്റ് തോമസ് സ്‌കൂളിൽ ഒൻപത് കുടുംബങ്ങളിലെ 21 പേരും കഴിയുന്നുണ്ട്.

നെയ്യാറ്റിൻകര താലൂക്കിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 82 കുടുംബങ്ങളിലെ 299 പേരെയാണ് മാറ്റിപാർപ്പിച്ചത്. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി.എസിൽ 13 കുടുംബങ്ങളിലെ 51 പേരെയും പൊഴിയൂർ സെന്റ് മാത്യൂസ് എച്ച്.എസ്.എസിൽ 48 കുടുംബങ്ങളിലെ 167 പേരെയും വിമല ഹൃദയ സ്‌കൂളിൽ രണ്ടു കുടുംബങ്ങളിലെ പത്തുപേരെയും മാറ്റിപാർപ്പിച്ചു. വിഴിഞ്ഞം വില്ലേജിൽ ഹാർബർ എൽ.പി.എസിൽ എട്ടു കുടുംബങ്ങളിലെ 38 പേർ കഴിയുന്നുണ്ട്.

കോട്ടുകാൽ വില്ലേജിൽ അടിമലത്തുറ അനിമേഷൻ സെന്ററിൽ ഒൻപത് കുടുംബങ്ങളിലെ 23 പേർ കഴിയുന്നു. പൂവാർ വില്ലേജിലെ ഗവ. എച്ച്.എസിൽ ഒരു കുടുംബത്തിലെ ആറുപേരും നെയ്യാറ്റിൻകര വില്ലേജിൽ നെയ്യാറ്റിൻകര ഗവ. ജി.എച്ച്.എസ്.എസിൽ ഒരു കുടുംബത്തിലെ നാലുപേരും കഴിയുന്നുണ്ട്.

ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. ഇവിടെ 25 കുടുംബങ്ങളിലെ 66 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്സ് സ്‌കൂളിൽ അഞ്ചു കുടുംബങ്ങളിലെ 19 പേരെയും ബി.ബി.എൽ.പി.എസിൽ 15 കുടുംബങ്ങളിലെ 40 പേരെയും മാറ്റി പാർപ്പിച്ചു. കിഴുവിലം വില്ലേജിൽ പുറവൂർ ഗവ. എസ്.വി.യു.പി.എസിലെ അഞ്ചു കുടുംബങ്ങളിലെ ഏഴുപേരെയും മാറ്റിപാർപ്പിച്ചു.

ജില്ലയിൽ 239 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര താലൂക്കിൽ നാലു വീട് പൂർണമായും 75 എണ്ണം ഭാഗീകമായും തകർന്നു. തിരുവനന്തപുരം താലൂക്കിൽ രണ്ടുവീടുകൾ പൂർണമായും 44 വീടുകൾ ഭാഗികമായും തകർന്നു. നെടുമങ്ങാട് താലൂക്കിൽ മൂന്നു വീടുകൾ പൂർണമായും 32 വീടുകൾ ഭാഗികമായും തകർന്നു. വർക്കല താലൂക്കിൽ ഒരു വീട് പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. കാട്ടാക്കട താലൂക്കിൽ ഒരു വീട് പൂർണമായും മൂന്നു വീടുകൾ ഭാഗികമായും തകർന്നു. ചിറയിൻകീഴ് താലൂക്കിൽ 44 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ കുടുതലായി തുറക്കേണ്ടിവന്നാൽ ആവശ്യമായ കെട്ടിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം -91, നെയ്യാറ്റിൻകര – 46, നെടുമങ്ങാട് -75, ചിറയിൻകീഴ് – 60, വർക്കല – 42, കാട്ടാക്കട – 12 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ സജ്ജമാക്കിയിട്ടുള്ള കെട്ടിടങ്ങളുടെ എണ്ണം. എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.