മാനസിക സമ്മര്‍ദ്ദങ്ങള്‍; അറിയേണ്ടതെല്ലാം

0
45

മാനസിക സമ്മര്‍ദ്ദങ്ങള്‍ സമയബന്ധിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അവ ക്രമേണ ശരീരത്തെ പല രീതിയിലും ബാധിച്ചുതുടങ്ങും. ദഹനപ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവ തൊട്ട് ഹൃദ്രോഗം വരെയുള്ള പ്രശ്‌നങ്ങളിലേക്ക് സമ്മര്‍ദ്ദങ്ങളെ നമ്മെ എത്തിച്ചേക്കാം. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ‘ബേക്കര്‍ ഹാര്‍ട്ട് ആന്റ് ഡയബെറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട്’ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പതിവായി പച്ചക്കറികളും പഴങ്ങളും കഴിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറവായിരിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ദിവസവും 470 ഗ്രാം പഴങ്ങളോ പച്ചക്കറിയോ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 10 ശതമാനം കുറവ് സമ്മര്‍ദ്ദം മാത്രമേ കാണൂ എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മുമ്പ് ലോകാരോഗ്യ സംഘടനയും സമാനമായൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ദിവസവും 400 ഗ്രാം പഴങ്ങളോ പച്ചക്കറികളോ എങ്കിലും കഴിക്കണമെന്നായിരുന്നു ആ നിര്‍ദേശം. പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ഫ്‌ളേവനോയിഡുകള്‍, കരോറ്റിനോയിഡുകള്‍ എന്നിവയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണ്. ഡയറ്റ് തന്നെയാണ് വലിയൊരു പരിധി വരെ ശരീരത്തിന്റെയും മനസിന്റെയും നിലനില്‍പ് നിര്‍ണയിക്കുന്നതെന്ന ആരോഗ്യവിദഗ്ധരുടെ പതിവ് നിര്‍ദേശത്തെ പൂര്‍ണമായി ശരിവയ്ക്കുന്നതാണ് ഏറ്റവും പുതിയ ഈ പഠനവും.