ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു

0
76

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനുമുള്ള മുന്നറിയിപ്പിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തില്‍ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം.

വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഇരുപത് അംഗ സംഘം പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ടയില്‍ എത്തും.

അതേസമയം അതിശക്ത മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന കൊവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നാളെ വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാകളക്ടര്‍ അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവര്‍ക്ക് ശനിയാഴ്ച വാക്സീന്‍ നല്‍കുന്നത് പരിഗണിക്കും

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനാല്‍ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അതീവ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്