ഓക്സിജൻ ക്ഷാമത്തെതുടർന്ന് ഗോവയിൽ 13 രോഗികൾ കൂടി മരിച്ചു. ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിക്കും ആറ് മണിക്കുമിടെയാണ് 13 പേരും മരിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ദുരന്തം. വെള്ളിയാഴ്ച 13 പേർ മരിച്ചു. വ്യാഴാഴ്ച 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച 20 പേരാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ച്ച 26 പേർ മരണമടഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികളാണ് ഈ ആശുപത്രിയിൽ മരിച്ചത്.
എല്ലാ മരണങ്ങളും പുലർച്ചെ ഒന്നിനും ആറിനും ഇടയിലായിരുന്നെന്ന് മുൻ ഉപമുഖ്യമന്ത്രി വിജയ് സർദേശായി പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഗോവ ഫോർവേർഡ് പാർട്ടി വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ പോലീസിൽ പരാതി നൽകി.
അതേസമയം, സംസ്ഥാനത്ത് ഓക് സിജൻ ക്ഷാമമില്ലെന്നും കോവിഡ് വാർഡുകളിലേക്ക് മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണത്തിന് കാരണമായതെന്നും മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.