Saturday
10 January 2026
21.8 C
Kerala
HomeKeralaഓക്‌സിജൻ മാസ്‌കുമായി ആശുപത്രിയിൽനിന്ന്‌ കേസ്‌ വാദിച്ച്‌ മലയാളി അഭിഭാഷകൻ

ഓക്‌സിജൻ മാസ്‌കുമായി ആശുപത്രിയിൽനിന്ന്‌ കേസ്‌ വാദിച്ച്‌ മലയാളി അഭിഭാഷകൻ

 

കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലിരിക്കെ ആശുപത്രിയിൽനിന്ന്‌ ഓക്‌സിജൻ മാസ്‌ക്‌ ധരിച്ച്‌ വീഡിയോ കോൺഫറൻസിലൂടെ കേസ്‌ വാദിച്ച മലയാളി അഭിഭാഷകന്‌ ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. കെ ആർ സുഭാഷ്‌ ചന്ദ്രന്റെ ജോലിയോടുള്ള പ്രതിജ്ഞാബദ്ധത പ്രശംസനീയമാണെന്ന്‌ ജസ്റ്റിസ്‌ പ്രതിഭ എം സിങ്‌ ചൂണ്ടിക്കാട്ടി.

സൗദിയിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുഭാഷ് ചന്ദ്രൻ ഹാജരായത്. ഓക്സിജന്റെ കുറവുനേരിടുന്ന സുഭാഷ്, ഏപ്രിൽ 27 മുതൽ ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രധാന വിഷയമായതിനാൽ ബുധനാഴ്ച കേസ് ലിസ്റ്റ് ചെയ്തപ്പോൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാവുകയാണ് ചെയ്തതെന്ന് മുൻ മാധ്യമപ്രവർത്തകൻകൂടിയായ സുഭാഷ് ചന്ദ്രൻ പറഞ്ഞു.

ജനുവരി 24-ന് സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ച ഹിമാചൽ സ്വദേശി സഞ്ജീവ് കുമാറിന്റെ (51) മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫെബ്രുവരി 18-ന് മൃതദേഹം അടക്കംചെയ്തതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു. മരണ സർട്ടിഫിക്കറ്റിൽ മുസ്‌ലിം എന്നായിരുന്നു എഴുതിയിരുന്നത്. അതിനാൽ ഹിന്ദു ആചാരപ്രകാരം സംസ്കരിക്കുന്നതിനായി മൃതദേഹം നാട്ടിലെത്തിക്കണമെന്നു കാട്ടി ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.

ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ മൃതദേഹം നാട്ടിലെത്തിച്ചതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് മൃതദേഹം നാട്ടിലെത്തിയത്. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രകീർത്തിച്ച ഹൈക്കോടതി, സൗദി അറേബ്യൻ അധികൃതർക്കും നന്ദിയറിയിച്ചു. ആശുപത്രിക്കിടക്കയിൽനിന്ന് കേസിൽ ഹാജരായ സുഭാഷ് ചന്ദ്രനുള്ള അഭിനന്ദനവും രേഖപ്പെടുത്തിയാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്.

RELATED ARTICLES

Most Popular

Recent Comments