അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കും; സപ്ലൈകോയും കുടുംബശ്രീയും കൈകോർക്കുന്നു

0
116

കൊവിഡ് കാലഘട്ടത്തിൽ ഹോം ഡെലിവറീയുമായി സപ്ലൈകോയും കുടുംബശ്രീയും കൈകോർക്കുന്നു. സംസ്ഥാനത്തെ 95ഓളം സപ്ലൈകോ ഔട്ട്ലറ്റുകൾ വഴിയാണ് ചൊവ്വാഴ്ച മുതൽ ഈ സൗകര്യം ആരംഭിച്ചത്. ഫോൺ വഴിയും വാട്സപ്പ് വഴിയും സാധനങ്ങൾ ഓർഡർ ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ഓർഡറുകൾ കുടുംബശ്രീ വീടുകളിൽ എത്തിച്ചുനൽകും.

ഉച്ചക്ക് ഒരു മണി വരെയാണ് ഓർഡറുകൾ സ്വീകരിക്കുക. ഇങ്ങനെ ലഭിക്കുന്ന ഓർഡറുകൾ ഉച്ചകഴിഞ്ഞ് വിതരണം ചെയ്യും. ഒരു ഓർഡറിൽ പരമാവധി 20 കിലോ വരെ ഉൾപ്പെടുത്താം. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് നിലവിൽ ഹോം ഡെലിവറി സൗകര്യം ഉള്ളത്. ഹോം ഡെലിവറി സൗകര്യം ലഭ്യമായ ഔട്ട്ലറ്റുകളുടെ വിവരങ്ങൾ സപ്ലൈകോ വെബ്സൈറ്റിൽ ലഭ്യമാണ്. വിതരണ കേന്ദ്രങ്ങളിൽ നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവു വരെ 40 രൂപയാണ് ഡെലിവറി ചാർജ്. അഞ്ച് കിലോമീറ്റർ വരെ 60 രൂപയും 10 കിലോമീറ്റർ വരെ 100 രൂപയും ഡെലിവറി ചാർജ് ആയി നൽകണം. ഓർഡർ ചെയ്ത സാധനങ്ങളുമായി എത്തുന്ന കുടുംബശ്രീ അംഗത്തിന് ഈ തുക നൽകണം.

ഒരു ഔട്ട്‌ലറ്റിൽ രണ്ട് അംഗങ്ങൾ സാധനങ്ങൾ ഡെലിവറി ചെയ്യാനുണ്ടാവും. ഓർഡറുകൾ വർധിച്ചാൽ കൂടുതൽ അംഗങ്ങളെ ഡെലിവറിക്കായി നിയോഗിക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.

അവശ്യസാധനങ്ങളും, മരുന്നുകളും വീട്ടിലെത്തിക്കുന്നതിന് കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിന് തുടക്കമിട്ടിരുന്നു. കൺസ്യൂമർഫെഡിന്റെ വെബ് പോർട്ടലിലൂടെയാണ് സാധനങ്ങൾ ഓർഡർ ചെയേണ്ടത്. സംസ്ഥാനത്താദ്യമായി കോഴിക്കോട് നടപ്പാക്കിയ പദ്ധതി ഉടൻ മറ്റ് ജില്ലകളിലും വ്യാപിപ്പിക്കും.