ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യത; 14 മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

0
81

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 ഓടു കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടുതൽ ശക്തി പ്രാപിച്ച്‌ ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യ ബന്ധനം മെയ് 14 മുതൽ മറ്റൊറിയിപ്പുണ്ടാകുന്നതുവരെ വരെ പൂർണ്ണമായും നിരോധിച്ചിരിക്കുതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ മെയ് 14 ന് മുമ്പായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണം. ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാൻ വേണ്ട നടപടികൾ ഉടനടി സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ രൂപീകരണ ഘട്ടത്തിൽ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും വിവിധയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.