കിഴക്കമ്പലത്ത്‌ തൊഴുത്തിൽ കഴിയേണ്ടിവന്ന കോവിഡ്‌ ബാധിതൻ മരിച്ചു

0
87

കുടുംബാംഗങ്ങൾക്ക് കോവിഡ്‌ ബാധിക്കാതിരിക്കാൻ വീടിനുസമീപത്തെ തൊഴുത്തിൽ കഴിയേണ്ടിവന്ന യുവാവ്‌ മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാർഡിൽ മാന്താട്ടിൽ എം എൻ ശശിയാണ് (സാബു-38) മരിച്ചത്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് സംഭവം.

ഈ വാർഡിലെ ആശാ വർക്കർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. നാട്ടുകാർ പലതവണ ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചാത്ത് ഭരണസമിതിയെ വിവരം അറിയിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.

തൊഴുത്തിൽ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാർഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തി. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകൻ: രണ്ടരവയസ്സുള്ള സായൂജ്.

യഥാസമയം ചികിത്സ ലഭിക്കാത്തതിനാലാണ് യുവാവ്‌ മരിച്ചതെന്നും പഞ്ചായത്ത് ഭരണസമിതിയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്‌ ജാഗ്രതാ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ ഇവർക്കെതിരെ നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.