ആന്ധ്രയിലും ഓക്‌സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

0
78

ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ പിടഞ്ഞുമരിച്ചു. തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലാണ് ദാരുണസംഭവം. ഇന്നലെ രാത്രിയോടെയാണ് വെന്റിലേറ്ററിന്റെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം.

ഹാന്‍ഡ് ഫാനുകളും മറ്റ് മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച്‌ രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാരും ബന്ധുക്കളും കിണഞ്ഞു പരിശ്രമിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നു. വിവരം കോവിഡ് രോഗികളുടെ ബന്ധുക്കളെ അറിയിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ തീവ്രപരിചണ വിഭാഗത്തില്‍ ഇരച്ചെത്തി. ഇവരും ആശുപത്രി ജീവനക്കാരും ഒത്തുചേർന്ന് ഫാൻ ഉപയോഗിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

25 മിനിറ്റോളം ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായി രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ആശുപത്രി അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. 135ഓളം ഐസിയു ബെഡ്ഡും 400 ലധികം ഓക്സിജന്‍ ബെഡ്ഡും ആശുപത്രിയിലുണ്ട്. എന്നാല്‍ 1100ഓളം രോഗികളാണ് നിലവിലുള്ള ആശുപത്രിയിലുള്ളത്.

ആയിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഓക്സിജന്‍ ടാങ്കിലെ ഓക്സിജന്‍ തീര്‍ന്നിരുന്നു. തമിഴ്നാട്ടില്‍ നിന്ന് വന്ന ഓക്സിജന്‍ ടാങ്കറില്‍ നിന്ന് സംഭരണിയിലേക്ക് ഓക്സിജന്‍ കയറ്റുന്നതിനിടെയുണ്ടായ തടസ്സമാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ജില്ലാ കളക്ടര്‍ എം ഹരി നാരായണ അന്വേഷണത്തിന് ഉത്തരവിട്ടു.