ഫലസ്തീനിൽ ഇസ്രയേൽ വ്യേമാക്രമണം,9 കുട്ടികളടക്കം 20 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
142

ഫലസ്തീനിൽ ഇസ്രയേൽ വ്യേമാക്രമണം. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരിൽ  9 പേർ കുട്ടികളാണെന്നാണ് അറിയാൻ കഴിഞ്ഞത്.

ആക്രമണത്തിൽ 65 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുൽ അഖ്‌സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രയേൽ പട്ടാളത്തിെന്റ വെടിവെപ്പിന് പിന്നാലെയാണ് വ്യോമാക്രമണവും.

ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.

കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി അൽ അഖ്‌സ മസ്ജിദിന് ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘർഷഭൂമിയാക്കിയത്.

ഇസ്രായേൽ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ഇതിന്റെ ഭാഗമായി ശൈഖ് ജർറാഹിലുള്ള താമസക്കാർക്ക് ഐക്യദാർഢ്യമറിയിച്ച് ഫലസ്തീനികൾ സംഘടിച്ചിരുന്നു. ഇവർക്ക് നേരെയാണ് ഇസ്രായേൽ സേന അക്രമം അഴിച്ചുവിട്ടത്.’ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തി. ഇതിനെ തുടർന്ന് ഗസ്സയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്’ സൈനിക വക്താവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.