ഹിമന്ത ബിശ്വ ശർമ ആസാം മുഖ്യമന്ത്രിയാകും. ഗോഹട്ടിയിൽ ഇന്നു ചേർന്ന നിയമസഭാ കക്ഷി യോഗമാണ് ഹിമന്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. വൈകിട്ട് നാലിന് അദ്ദേഹം ഗവർണറെ കാണും.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് ശേഷമാണ്, ആസാമിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിന് ധാരണയിലെത്താനായത്.
മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന മുതിർന്ന നേതാക്കളായ ഹിമന്ത ബിശ്വ ശർമയെയും സർബാനന്ദ സോനോവാളിനെയും അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമം നടത്തിയിരുന്നു. ശനിയാഴ്ച ഡൽഹിയിലെത്തിയ ഇരുനേതാക്കളുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ മാരത്തൺ ചർച്ചകളാണു നടന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെയായിരുന്നു ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2016 ലാകട്ടെ സോനോവാളിനെ മുൻനിർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. ഇത്തവണ 126 അംഗ സഭയിൽ ബിജെപിക്ക് 60 പ്രതിനിധികളെയാണു ലഭിച്ചത്. സഖ്യകക്ഷികളായ എജിപിക്ക് ഒന്‍പതും യുപിപിഎലിന് ആറും സീറ്റുകൾ ലഭിച്ചു.