ഇന്ത്യയിലടക്കം കോവിഡ് അതിരൂക്ഷമായിരിക്കെ കോവിഡ് വാക്സിൻറെ ബൗദ്ധിക സ്വത്തവകാശം ഇല്ലാതാക്കാൻ അമേരിക്ക ഒരുങ്ങുന്നു. ലോക വ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. ഫൈസർ, മോഡേണ കമ്പനികളുടെ എതിർപ്പ് കണക്കിലെടുക്കാതെയാണ് പ്രസിഡൻറ് ജോ ബൈഡൻറ് നടപടി.
ഗവേഷണ കണ്ടെത്തലിന് ഇതാദ്യമായാണ് പേറ്റൻറ് വേണ്ടെന്ന നിലപാട് എടുക്കുന്നത്. ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയിരുന്നു. ബൗദ്ധിക സ്വത്തവാകാശം ഒഴിവാക്കുന്നതോടെ ഏത് ഉത്പാദകർക്കും വാക്സിൻ നിർമിക്കാനും ക്ഷാമം ഒഴിവാക്കാനും സാധിക്കും.
അസാധാരണ കാലത്ത് അസാധാരണ തീരുമാനം വേണമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക നീക്കമെന്ന് ലോകാരോഗ്യസംഘടന പ്രതികരിച്ചു. അതേസമയം, യുഎസ് നിലപാട് ഫൈസർ അടക്കം വാക്സിൻ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവുണ്ടാക്കി.