മാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിൻറെ അവിഭാജ്യ ഘടകമാണെന്നും അവരെ വിലക്കാനാകില്ലെന്നും സുപ്രീംകോടതി. മാധ്യമങ്ങൾക്കെതിരെ പരാതി പറയുന്നതിനപ്പുറം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഭരണഘടന സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും കോടതി പറഞ്ഞു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയേണ്ട യാതൊരു ആവശ്യവുമില്ല. ഇക്കാര്യത്തിൽ ജുഡീഷ്യറിക്ക് ഉത്തരവാദിത്തമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ അവിഭാജ്യ ഘടകമാണ് മാധ്യമങ്ങളെന്ന് വ്യക്തമാക്കിയ കോടതി തെരഞ്ഞെടുപ്പ് കമീഷൻറെ ഹർജി തള്ളി.
കോവിഡ് വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന മദ്രാസ് ഹൈകോടതിയുടെ പരാമർശം റിപ്പോർട്ട് ചെയ്തതിനെതിരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന മദ്രാസ് ഹൈകോടതിയുടെ പരാമർശം കഠിനവും ഉപമ അനുചിതവുമാണെന്നും ജുഡീഷ്യൽ സംയമനം ആവശ്യമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ജുഡീഷ്യൽ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്. കോടതികളിലേക്കുള്ള തുറന്ന പ്രവേശനം ഭരണഘടനാ സ്വാതന്ത്ര്യത്തിനുള്ള വിലപ്പെട്ട സംരക്ഷണമാണ്. ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ ഒരു വശമാണ് മാധ്യമ സ്വാതന്ത്ര്യം -സുപ്രീംകോടതി വ്യക്തമാക്കി.
കോടതികളിൽ ജഡ്ജിമാർ വാക്കാൽ നടത്തുന്ന നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കോടതിയിൽ എന്തു സംഭവിക്കുന്നുവെന്നത് ജനങ്ങൾക്ക് അറിയാൻ താൽപര്യമുള്ള കാര്യമാണ്. കോടതിയിൽ നടക്കുന്നത് മുഴുവൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമവും സുതാര്യവുമായി നടത്തുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന വലിയ പങ്കിനെ അംഗീകരിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മാധ്യമങ്ങളെ തടയാനുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും കമീഷൻ വ്യക്തമാക്കി.