സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്ക്, ഇന്‍ഷ്യറന്‍സ് സ്ഥാപനങ്ങള്‍ പത്ത് മുതല്‍ 1 മണി വരെ പ്രവര്‍ത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പാമ്പുകളും വര്‍ക്ക്ഷോപ്പുകളും തുറക്കാം.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാല്‍ ഹോം ഡെലിവറിമാത്രമേ പാടുള്ളൂ. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും. പൊതുഗതാഗതം പൂര്‍ണമായും ഇല്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. വിമാന സര്‍വീസും ട്രെയിന്‍ സര്‍വീസും ഉണ്ടാകും. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രാവിലക്ക് ഇല്ല. പത്ര മാധ്യമ സ്ഥാപനങ്ങള്‍, കേബിള്‍ ടിവി, ഡിറ്റിഎച്ച്, ഇന്റര്‍നെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷന്‍, തുടങ്ങി സേവനങ്ങള്‍ നല്‍കുന്നവയ്ക്ക് പ്രവര്‍ത്തിക്കാം.
അവശ്യ സര്‍വ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ആശുപത്രി വാക്സിനേഷന്‍ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. എന്നാൽ, മെട്രോ ഉണ്ടാകില്ല. വിവാഹച്ചടങ്ങുകളില്‍ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കാം, മരണാനന്തര ചടങ്ങില്‍ 20 ആളുകള്‍ മാത്രം. ആരാധാനലയങ്ങളില്‍ ആരെയും പ്രവേശിപ്പിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.