വിജയം ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവയ്‌പ്പ് : എ വിജയരാഘവൻ

0
81

കേരളത്തിലെ ഇടതുപക്ഷ വിജയത്തിന്‌ ദേശീയ പ്രസക്തിയുണ്ടെന്ന്‌ സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. വളർന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവയ്‌പ്പാണ്‌ ഈ തെരഞ്ഞെടുപ്പ്‌ വിജയം. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ ജനസ്വീകാര്യതയാണ്‌ ഇപ്പോൾ വ്യക്തമായതെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മെയ്‌ ഏഴിന്‌ കേരളത്തിൽ എൽഡിഎഫ്‌ വിജയത്തിൽ ആഘോഷങ്ങൾ നടത്തും. തെരുവുകളിൽ ഇറങ്ങിയുള്ള ആഘോഷം ആയിരിക്കില്ല അത്‌. പ്രവർത്തകരും വോട്ടർമാരും എല്ലാവരും വീടുകളിൽ ദീപം തെളിയിച്ച്‌ വിജയാഹ്ലാദം പങ്കിടണം.

തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച്‌ കേരളത്തെ തകർക്കാനുള്ള ശ്രമമായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. പ്രതിപക്ഷവും അതിന്‌ കൂട്ടുനിന്നു. എന്നിട്ടും ചരിത്രവിജയമാണ്‌ കേരളം നൽകിയത്‌. സർക്കാർ കേരളത്തിന്റെ സമഗ്രമായ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി, അത്‌ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും ചെയ്‌തു. അത്‌ ജനങ്ങൾക്ക്‌ ബോധ്യമായെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം പറയുന്നു. എല്ലാ കുപ്രചരണങ്ങളെയും മറികടക്കാൻ ജനം കരുത്തുകാട്ടി.

ഈ രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ ദേശീയമായും വലിയ പ്രസക്തിയുണ്ട്‌. ബിജെപിയുടെ ഭരണരീതിക്ക്‌ എതിരായ വിധികൂടി ആണിത്‌. ജനാധിപത്യ ഉള്ളടക്കത്തെ തകർക്കാനുള്ള എല്ലാ പരിശ്രമവും ബിജെപി നടത്തി. ആ നയങ്ങൾക്കെതിരായി രാജ്യത്ത്‌ സമരങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്‌. ആ നിലയിൽ ദേശീയതലത്തിൽ ബദൽ രാഷ്‌ട്രീയ സമീപനമുള്ളവരുടെ കൂട്ടായ്‌മ രൂപപ്പെടേണ്ടതുണ്ട്‌.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബിജെപിക്കെതിരെ മുന്നോട്ടുപോകാൻ സാധിക്കുന്നില്ല. കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർധിക്കുകയാണ്‌. എവിടെയും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക്‌ കഴിയുന്നില്ല. ബിജെപിയെ എതിർക്കാൻ കെൽപ്പുള്ള രാഷ്‌ട്രീയ ചേരിയിലെ പ്രസക്തമായ ഘടകം അതാണ്‌.

17 ന്‌ എൽഡിഎഫ്‌ യോഗം ചേരും. 18 ന്‌ രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌, സംസ്ഥാന കമ്മിറ്റി യോഗം ചേരും. അതിന്‌ ശേഷമാകും മന്ത്രിസഭാ രൂപീകരണം സംബ്ന്ധിച്ച വിവരങ്ങൾ പങ്കുവയ്‌ക്കുകയെന്നും വിജയരാഘവൻ പറഞ്ഞു.